കാസർകോട്: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെല്ലാം മഞ്ഞില്‍ കുളിച്ച് തണുപ്പില്‍ വിറച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളം എപ്പോള്‍ തണുക്കുമെന്നാണ് പലരുടെയും ചോദ്യം. ഈ ചോദ്യത്തിന് അധികം പ്രസക്തിയുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം.
കാരണം, കേരളത്തില്‍ ഇതിനോടകം തന്നെ തണുപ്പ് തുടങ്ങിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. വടക്കൻ ജില്ലകളില്‍ ഉള്‍പ്പടെ തണുപ്പ് തുടങ്ങിയതായാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം. രാവിലെയും രാത്രിയും മിക്ക ഇടങ്ങളിലും തണുത്ത കാറ്റ് വീശുന്നുണ്ട്.
തെക്കൻ ജില്ലകളിലും താപനില താഴ്‌ന്നിട്ടുണ്ട്. മൂന്നാറില്‍ താപനില വീണ്ടും കുറഞ്ഞിരിക്കുകയാണ്. കുണ്ടല ഡാം 7 ഡിഗ്രി സെല്‍ഷ്യസ്, മൂന്നാര്‍ 8.7 ഡിഗ്രി സെല്‍ഷ്യസ്, കുപ്പാടി 11.5 ഡിഗ്രി സെല്‍ഷ്യസ്, വട്ടവട 11.6 ഡിഗ്രി സെല്‍ഷ്യസ്, കബനിഗിരി 11.9 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില.
മഴ മാറിയതോടെയാണ് സംസ്ഥാനത്ത് തണുപ്പും പതിയെ തുടങ്ങിയിരിക്കുന്നത്. വയനാട്ടിലെ മിക്കയിടങ്ങളിലും 15 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് താപനില. വടക്കൻ ജില്ലകളായ കണ്ണൂരിലും കാസര്‍കോടും കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ മുളിയാറിൽ 19.9, പാണത്തൂർ 17.2, പിലിക്കോട് 19.2 എന്നിങ്ങനെയാണ് താപനില.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ തണുപ്പായതോടെ നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറിയിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ടിലാണ് രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കണ്ണൂര്‍ നഗരത്തിലായിരുന്നു ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. മുൻ വര്‍ഷവും സമാനമായിരുന്നു സ്ഥിതി.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്ക് പ്രകാരം ഡിസംബർ മാസത്തിൽ കേരളത്തിൽ സാധാരണ ലഭിക്കേണ്ട മഴയുടെ അളവ് 32 mm ആണ്. എന്നാൽ, ആദ്യ 14 ദിവസം കഴിഞ്ഞപ്പോൾ ഇതുവരെ ലഭിച്ചത് 128 mm മഴയാണ്. സമീപ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഡിസംബർ ആയിരുന്നു ഇത്.
സാധാരണ കൂടുതൽ മഴ ലഭിക്കേണ്ട നവംബറില്‍ പോലും ഇത്തവണ ലഭിച്ചത് 116 mm മാത്രമാണ്.
തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഡിസംബർ മാസത്തിൽ മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ഇപ്പോൾ തന്നെ ലഭിച്ചു കഴിഞ്ഞു.