ഇടുക്കി : മൂന്നാറിനോട് എന്നും പ്രിയമായിരുന്നു രത്തൻ ടാറ്റയ്‌ക്ക്. രണ്ട് തവണയാണ് അദ്ദേഹം മൂന്നാറിന്‍റെ മണ്ണിലേക്ക് എത്തിയത്. അദ്ദേഹത്തിന്‍റെ വിയോഗം മൂന്നാറിനെയും തീരാദുഃഖത്തിലാഴ്ത്തി. 1997 ഏപ്രിലിലാണ് രത്തൻ ടാറ്റ ആദ്യമായി മൂന്നാർ സന്ദർശിച്ചത്. ഡയർ സ്‌കൂൾ, ഐടിഡി, നല്ലതണ്ണിയിലെ ലയങ്ങൾ എന്നിവിടങ്ങളിലാണ് അന്ന് ടാറ്റ സന്ദർശനം നടത്തിയത്. 2009 നവംബറിൽ ഹൈറേഞ്ച് സ്‌കൂളിന്‍റെ 25-ാം വാർഷികത്തിലായിരുന്നു രണ്ടാം സന്ദർശനം.
മൂന്നാറിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഡയർ സ്‌കൂൾ ആരംഭിച്ചത് അദേഹത്തിന്‍റെ നിർദേശ പ്രകാരമായിരുന്നു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി 'സൃഷ്‌ടി'യുടെ തുടക്കവും രത്തൻ ടാറ്റയുടെ മേൽനോട്ടത്തിൽ ആയിരുന്നു. ഭിന്നശേഷികാരുടെ വിദ്യാഭ്യാസവും തൊഴിലുമെല്ലാം ലക്ഷ്യം വച്ചാണ് സൃഷ്‌ടി പ്രവർത്തിക്കുന്നത്.