പത്തനംതിട്ട : റാന്നിയിൽ അമ്മയുടെ കൺമുന്നിൽ വച്ച് 2 മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി. കുട്ടികളുടെ പിതൃ സഹോദരൻ കൂടിയായ പ്രതി 30 വർഷം ഇളവില്ലാതെ തടവ് ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്വത്ത് തർക്കത്തിന്‍റെ പേരിലാണ് സഹോദരൻ്റെ രണ്ട് കുട്ടികളെ തോമസ് ചാക്കോ എന്ന പ്രതി കൊലപ്പെടുത്തിയത്.
2019ൽ വിചാരണ കോടതി തോമസ് ചാക്കോയ്ക്ക് വധശിക്ഷ വിധിച്ചു. 2013 ഒക്‌ടോബർ 27നാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന മെൽബിനെ പ്രതി തോമസ് ചാക്കോ കത്തി കൊണ്ട് കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച അമ്മയുടെ മുഖത്ത് പ്രതി മുളകുപൊടി എറിഞ്ഞു. തുടര്‍ന്ന് വീടിനുള്ളില്‍ കടന്ന ഇയാൾ ഇളയ കുട്ടി മെബിനെയും കൊലപ്പെടുത്തി.