പാലക്കാട്:വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടിയെ നോക്കുകുത്തിയാക്കി വൈദ്യുതി വകുപ്പിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും സ്വന്തം നിലയ്ക്ക് തീരുമാനങ്ങൾ നടപ്പിലാക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന് കൊള്ളയടിക്കാനുള്ള ഉപകരണമായി കെഎസ്ഇബി മാറുകയാണെന്നും സ്വയം കർഷകൻ എന്നവകാശപ്പെടുന്ന മന്ത്രി കൃഷ്‌ണൻകുട്ടി അതിന് കൂട്ടുനിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാനായി ഒപ്പിട്ടിരുന്ന കരാർ റദ്ദാക്കാൻ കൂട്ടുനിന്ന ശേഷമാണ് റെഗുലേറ്ററി കമ്മിഷൻ അന്നത്തെ യൂണിറ്റ് പൈസയായ 4.29 രൂപയിൽ കൂടുതൽ ചെലവിൽ വൈദ്യുതി വാങ്ങരുതെന്ന് പറയുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കുറഞ്ഞ ചെലവിൽ കേരളത്തിന് 2041 വരെ വൈദ്യുതി ലഭിക്കുമായിരുന്ന കരാർ റദ്ദാക്കിയത് ജിൻദാൽ, അദാനി കമ്പനികളുടെ സമ്മർദ്ദത്തിന് സർക്കാർ കീഴ്‌പ്പെട്ടതുകൊണ്ടാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 30 വർഷത്തെ കരാർ കാലാവധി കഴിഞ്ഞ കാർബറോണ്ടം കമ്പനി ഏറ്റെടുക്കാമായിരുന്നിട്ടും വീണ്ടും 25 വർഷത്തേക്ക് അവർക്ക് കാലാവധി നീട്ടി നൽകാനുള്ള നീക്കം അഴിമതിയാണ്. ഈ വിവരം താൻ ഉന്നയിച്ചത് മുതൽ 10 പുതിയ കമ്പനികൾ വരുമെന്ന പ്രഖ്യാപനവുമായി കാർബോറാണ്ടം കമ്പനി രംഗത്ത് വരുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ്.