തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധങ്ങളെ യോഗി ആദിത്യനാഥ് പോലും ചെയ്യാത്ത രീതിയില്‍ അടിച്ചമര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നത് വോട്ടു തട്ടാനാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തിനെതിരായി 2019 ല്‍ നടത്താന്‍ നിശ്ചയിച്ച സംയുക്ത പ്രക്ഷോഭത്തെ പിന്നില്‍ നിന്നു കുത്തിയത് മുഖ്യമന്ത്രിയാണ്. നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന താനായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് പാളയം രക്ത സാക്ഷിമണ്ഡപത്തില്‍ എല്‍ഡിഎഫും യുഡിഎഫും സിഎഎയ്‌ക്കെതിരെ സംയുക്ത പ്രക്ഷോഭം നടത്തിയത്. നിയമസഭയില്‍ യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന് ഐകകണ്‌ഠേന പ്രമേയം പാസാക്കിയതും ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം സംസ്ഥാനത്താകമാനം നടന്ന പ്രക്ഷോഭങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയായിരുന്നു.
കോഴിക്കോട് സമരത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് ഉള്‍പ്പെടെ നിരവവധി പേരുടെ പേരില്‍ അന്യായമായ വകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തില്‍ സംസ്ഥാനത്തുടനീളം നിരവധിപേര്‍ക്കെതിരായാണ് കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ തടങ്കലിലാക്കാന്‍ കേന്ദ്ര നിര്‍ദേശ പ്രകാരം ഏറ്റവും വലിയ കരുതല്‍ തടങ്കല്‍ പണിതതും പിണറായി വിജയനാണ്.
ഇതിനെല്ലാം നേതൃത്വം നല്‍കിയ പിണറായി വിജയനാണ് ഇപ്പോള്‍ മൂന്ന് മാസത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വന്ന് മുതലക്കണ്ണീരൊഴുക്കുന്നത്. ഒരേസമയം സിഎഎയെ എതിര്‍ക്കുകയും എതിര്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയുമാണ് ചെയ്‌തത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രക്ഷോഭത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുകയാണ് വേണ്ടത്.
ബിജെപിയെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് കേസുകള്‍ പിന്‍ വലിക്കാന്‍ മുഖ്യമന്ത്രി ഇപ്പോഴും തയ്യാറാകാത്തത്. നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയത്തിനെതിരെ അന്ന് രംഗത്തുവന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനായിരുന്നു. ഈ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും അതിന് മുഖ്യമന്ത്രി തയ്യാറായില്ല.