രമേശ് ചെന്നിത്തല മാധ്യമങ്ങളോട് (ETV Bharat) തിരുവനന്തപുരം: കൊല്ലം എംഎൽഎയും നടനുമായ മുകേഷിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉപ്പ് തിന്നവർ വെള്ളം കുടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിനിമ നയ രൂപീകരണ സമിതിയിൽ നിന്നും മുകേഷിന് മാറി നിൽക്കേണ്ടി വരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സർക്കാരിന്‍റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരുന്നത് വൈകാൻ കാരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാൻ സർക്കാർ വൈകി. ഇപ്പോൾ വന്നിരിക്കുന്ന കേസുകൾ എസ്ഐടിയുടെ പരിഗണനയിൽ വരും. സമയബന്ധിതമായി അന്വേഷണം തീർക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സിനിമ രംഗത്തുള്ള മുഴുവൻ പേരും ഇപ്പോൾ സംശയത്തിന്‍റെ നിഴലിലാണ് നിൽക്കുന്നത്. സർക്കാർ കാണിക്കുന്ന അനാസ്ഥ കുറ്റകാർക്കും സൗകര്യമാകുന്നുണ്ട്. നിജസ്ഥിതി എന്തെന്ന് അന്വേഷിച്ച് നടപടി വേണമെന്നും തൊഴിലിടത്ത് സ്ത്രീകൾക്ക് സംരക്ഷണം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുകേഷ് തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷ വാങ്ങിയേ മതിയാകു. തെറ്റ് ചെയ്‌തിട്ടുണ്ടോ ഇല്ലേ എന്ന് തെളിയിക്കപ്പെടേണ്ട കാര്യമാണ്. സിനിമ നയ രൂപീകരണ സമിതിയിൽ നിന്നും സ്വാഭാവികമായും മുകേഷിന് മാറേണ്ടി വരുമെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു.
Also Read:'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ല, അവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്': ഷാഫി പറമ്പില്‍