തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്‍റെ തലപ്പത്ത് വീണ്ടും അഴിച്ചു പണി. ആഗോള ആരോഗ്യ രംഗത്തിനു മാതൃകയായ സംസ്ഥാനം എന്ന ഖ്യാതിയില്‍ നിന്ന് നാണക്കേടുകളിലേക്ക് കൂപ്പുകുത്തി വീണതിനുപിന്നാലെയാണ് ഈ അഴിച്ചു പണി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൈവിരലിനു പകരം നാവിനു ശസ്ത്രക്രിയ നടത്തിയതാണ് ആരോഗ്യ വകുപ്പിനു വലിയ നാണക്കേടുണ്ടാക്കിയ ഒടുവിലുത്തെ സംഭവം.
ഇതിനുപിന്നാലെയാണ് വകുപ്പിലെ ഐഎഎസ് തലപ്പത്ത് അഴിച്ചു പണി നടത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ മാറ്റി പകരം മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജന്‍ കോബ്രഗെഡെയെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വീണ്ടും നിയമിച്ചു. കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ കാഴ്‌ചവച്ച പ്രവര്‍ത്തന മികവാണ് മറ്റൊരു പ്രതിസന്ധി ഘട്ടത്തില്‍ വീണ്ടും ആരോഗ്യ വകുപ്പിന്‍റെ തലപ്പത്തേക്ക് കോബ്രഗെഡെയ്ക്ക് അവസരമൊരുങ്ങിയത്.
മാത്രമല്ല, ആരോഗ്യ മന്ത്രി എന്ന നിലയില്‍ കെകെ ശൈലജയുടെ ഖ്യാതി ഉയര്‍ത്തുന്നതിനു പിന്നിലും കോബ്രഗെഡെയുടെ പ്രവര്‍ത്തന മികവുണ്ടായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിലും ആദ്യ രണ്ടു വര്‍ഷത്തിലധികം ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച കോബ്രഗെഡെയെ പിന്നീട് കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തേക്കു മാറ്റുകയായിരുന്നു. കെഎസ്ഇബി ചെയര്‍മാനായിരുന്ന ഡോ ബി ആശോകും സിപിഎം അനുകൂല തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായ സാഹചര്യത്തിലായിരുന്നു അശോകിനെ മാറ്റി കോബ്രഗെഡെയെ കെഎസ്ഇബി ചെയര്‍മാനാക്കിയത്.
നിലവില്‍ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വ്യവസായ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ നിയമിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് മുഹമ്മദ് ഹനീഷിനെ മാറ്റി നിയമിച്ചിരിക്കുന്നത്. ആരോഗ്യ സെക്രട്ടറിയുടെ സ്ഥാനമാറ്റത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ കൂടി ഇടപെടലുള്ളതായി സൂചനയുണ്ട്. വിദേശത്തായിരുന്നു മുഖ്യമന്ത്രി മടങ്ങിയെത്തിയതിനു പിന്നാലെ ഇന്ന് ആരോഗ്യ വകുപ്പിലെ പ്രതിസന്ധി സംബന്ധിച്ച ഉന്നത തലയോഗം സെക്രട്ടേറിയറ്റില്‍ നടന്നു. പിന്നാലെ സെക്രട്ടറിയെ മാറ്റി മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പുമിറക്കി.
ALSO READ: കൈവിരലിന് പകരം നാവില്‍ ശസ്‌ത്രക്രിയ ; ഡോക്‌ടർ ബിജോൺ ജോൺസന് വീഴ്‌ച പറ്റിയെന്ന് വിദഗ്‌ധ സമിതി