കാസർകോട്: വടക്കൻ കേരളത്തിൽ അടുത്ത 4 ദിവസം കൂടി കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് (ജൂലൈ 27) യെല്ലോ അലർട്ടും നാളെ ഓറഞ്ച് അലർട്ടും 29,30 തീയ്യതികളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂരിലാണ് ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (1097mm). മാഹിയിലും കൂടുതൽ മഴ ലഭിച്ചു. തീരദേശത്തെ ന്യൂനമർദ്ദപാത്തി വടക്കൻ കേരളത്തിൽ നിന്നും വടക്കൻ കർണാടകത്തിലെ തീരദേശത്തേക്ക് ചുരുങ്ങിയെന്നും ഓഗസ്റ്റ് ആദ്യവാരത്തോടെ മഴ കുറയുമെന്നും കാലാവസ്ഥ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടമാണ് വടക്കന്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. നിരവധി വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. കൃഷിനാശവും ഉണ്ടായി. വൈദ്യുതി ബന്ധം താറുമാറായി. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ പെയ്‌തു. സുള്ള്യ, സുബ്രഹ്മണ്യ, പുത്തൂർ, ബൽത്തങ്ങാടി തുടങ്ങി വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്‌തു. ശക്തമായ കാറ്റും നാശം വിതച്ചു. ബൽത്തങ്ങാടി താലൂക്കിന്‍റെ വിവിധ ഗ്രാമങ്ങളിൽ കാറ്റിലും മഴയിലും നാശനഷ്‌ടങ്ങളുണ്ടായി. മരം കടപുഴകി വീണ് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഇതോടെ വിവിധയിടങ്ങളില്‍ ഗതാഗത തടസമുണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകർന്ന് വൈദ്യുതി ബന്ധം വിഛേദിച്ചു.