കോട്ടയം : ജില്ലയിൽ മഴയ്‌ക്ക് നേരിയ ശമനം. വ്യാഴാഴ്‌ച രാത്രി മുതലാണ് മഴയ്‌ക്ക് നേരിയ ശമനമുണ്ടായത്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിൽ വെള്ളപൊക്ക ദുരിതത്തിന് അയവില്ല. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ചുഴലിക്കാറ്റാണ് ജില്ലയിൽ കൂടുതൽ നാശനഷ്‌ടം ഉണ്ടാക്കിയത്.
കുമരകം കണ്ണാടിച്ചാൽ സ്വദേശി സികെ ഷാജിയുടെ വീടിൻ്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. വീടിൻ്റെ അകലെ മീറ്ററുകൾക്ക് അപ്പുറം പാടത്തേക്കാണ് മേൽക്കൂര പറന്നു ചെന്നു വീണത്. സംഭവ സമയത്ത് ഷാജിയുടെ അമ്മയും ഭാര്യയും മക്കളും വീട്ടിൽ ഉണ്ടായിരുന്നു. കുടുംബം അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു.