മഴ നേരത്തേ എത്തിയതോടെ കൂടുതല്‍ വൈദ്യുതി ഉത്പാദനം (ETV Bharat) ഇടുക്കി :ഇത്തവണമഴ നേരത്തേ എത്തിയതിലൂടെ കോളടിച്ച് സംസ്ഥാനത്തെ വൈദ്യുത ബോര്‍ഡ്. നിനച്ചിരിക്കാതെ ലഭിച്ച മഴ ബോര്‍ഡിന് കോടികളുടെ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിയത്. വന്‍തോതില്‍ ചുരുക്കേണ്ടിയിരുന്ന സമയത്ത് വൈദ്യുത ഉത്പാദനം കുത്തനെ കൂട്ടാനായതും, മഴയെത്തുടര്‍ന്ന് വൈദ്യുത ഉപഭോഗത്തില്‍ വലിയ കുറവുണ്ടായതുമാണ് ബോര്‍ഡിന് നേട്ടമായത്.
വേനല്‍ച്ചൂട് കൂടിനിന്ന മെയ് രണ്ടാംവാരം വരെ സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുത ഉപഭോഗം പ്രതിദിനം 115 ദശലക്ഷം യൂണിറ്റ് വരെയായി ഉയര്‍ന്നിരുന്നു. ഡാമുകളില്‍ സംഭരണശേഷി കുറഞ്ഞിരുന്നതിനാല്‍, ഈ സമയം ആഭ്യന്തര വൈദ്യുത ഉത്പാദനം 10 ദശലക്ഷം യൂണിറ്റ് വരെയായി കുറയ്ക്കാനുമായി.
ഇതേത്തുടര്‍ന്ന് 95 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാണ് വിതരണം ക്രമീകരിച്ചിരുന്നത്. ഇത് വൈദ്യുത ബോര്‍ഡിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്‌ടിച്ചു. എന്നാല്‍ മെയ് രണ്ടാംവാരം പിന്നിട്ടതോടെ സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടങ്ങുകയും സംഭരണികളിലേക്കുള്ള നീരൊഴുക്ക് കൂടുകയും ചെയ്‌തു.
ഇതിനിടെ കാലവര്‍ഷം മെയ് അവസാനം എത്തുമെന്ന കാലാവസ്ഥാനിരീക്ഷണ വകുപ്പിന്‍റെ അറിയിപ്പുകൂടി വന്നതോടെ വൈദ്യുത ബോര്‍ഡ് പ്രതിദിന ആഭ്യന്തര ഉത്പാദനം ഉയര്‍ത്തി. 20-25 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിക്കാന്‍ തുടങ്ങി. അതേസമയം തന്നെ മഴ ശക്തമായി.
ചൂട് കുറഞ്ഞതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുത ഉപഭോഗം 71 ദശലക്ഷം യൂണിറ്റ് വരെയായി കുറഞ്ഞു. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതും കുറച്ചു. ഇത് വൈദ്യുതബോര്‍ഡിന് വലിയ സാമ്പത്തിക നേട്ടമായി. പദ്ധതിപ്രദേശങ്ങളില്‍ മഴ അത്ര ശക്തമല്ലെങ്കിലും തുടര്‍ച്ചയായി ലഭിക്കുന്നതിനാല്‍ നീരൊഴുക്കില്‍ കാര്യമായ വര്‍ധനയുണ്ട്. സംഭരണികളിലെല്ലാം കൂടി 27 ശതമാനം വെള്ളമേയുള്ളൂവെങ്കിലും നീരൊഴുക്ക് ശക്തമായതിനാല്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാകും. വലിയ സംഭരണിയായ ഇടുക്കിയില്‍ നീരൊഴുക്ക് ശക്തമാണ്.
Also Read : മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി മേൽനോട്ട സമിതിയുടെ പരിശോധന- വീഡിയോ - Mullaperiyar dam inspection