തിരുവനന്തപുരം:യാത്രക്കാരുടെ വര്‍ധിച്ച തിരക്കും വെയിറ്റിങ് ലിസ്‌റ്റിലെ അനന്തമായ കാത്തിരിപ്പും പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേ ജനറല്‍ കോച്ചുകളില്‍ ഉള്‍പ്പെടെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. കേരളത്തിലോടുന്ന മൂന്നു ട്രെയിനുകള്‍ ഉള്‍പ്പെടെ 51 ട്രെയിനുകള്‍ അത്യാധുനിക എല്‍എച്ച്ബി കോച്ചുകളിലേക്കു മാറുകയാണ്. ഇതോടെ ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകളിലും റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്‍റുകളിലും കൂടുതല്‍ സീറ്റുകളും കോച്ചുകളും ഉള്‍പ്പെടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
51 ട്രെയിനുകളിലായി 13,500 സീറ്റുകളാണ് വര്‍ധിക്കുന്നത്. 51 ട്രെയിനുകളില്‍ നാല് എല്‍എച്ച്ബി ജനറല്‍ കോച്ചുകളാണ് പ്രധാനമായും വരുന്നത്. ഇതിലൂടെ 7,900 യാത്രക്കാര്‍ക്ക് ജനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍ അധികമായി യാത്ര സൗകര്യം ഒരുങ്ങും.
പുതുതായി എല്‍എച്ച്ബി കോച്ച് ഏര്‍പ്പെടുത്തുന്ന ട്രെയിനുകള്‍
കൊച്ചുവേളി-കോര്‍ബ-കൊച്ചുവേളി (നമ്പര്‍ 22684/22647)
എറണാകുളം-നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസ് (നമ്പര്‍ 12617/12618)
എറണാകുളം-ഓഖ-എറണാകുളം എക്‌സ്പ്രസ് (നമ്പര്‍ 16338/16337)
കന്യാകുമാരി-ഹൗറ-കന്യാകുമാരി എക്‌സ്പ്രസ് (നമ്പര്‍ 12665/12666)