കേരളം

kerala

ETV Bharat / state

'സന്ദീപ് വാര്യര്‍ ബിജെപി വിടുമ്പോള്‍ എകെജി സെന്‍ററില്‍ കൂട്ടക്കരച്ചിലെന്തിന്?' കന്നി പ്രസംഗത്തില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ - RAHUL MAMKOOTTATHIL DEBUTE SPEECH

എംബി രാജേഷിനെയും വിവി രാജേഷിനെയും തിരിച്ചറിയാനാകാത്ത രാത്രിയായിരുന്നു നീലപ്പെട്ടി വിവാദമുണ്ടായ രാത്രിയെന്ന് പരിഹാസം..

RAHUL MAMKOOTTATHIL IN ASSEMBLY  KERALA ASSEMBLY  രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭ  കേരള നിയമസഭ സമ്മേളനം
Rahul Mamkoottathil In Assembly (ETV Bharat)

By ETV Bharat Kerala Team

Published : Jan 22, 2025, 7:42 PM IST

തിരുവനന്തപുരം:പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ചര്‍ച്ചയിലെ അരങ്ങേറ്റം കുറിച്ചു. പതിവു ശൈലിയില്‍ പ്രസംഗത്തിലുടനീളം സിപിഎമ്മിനെ കടന്നാക്രമിച്ചും പരിഹസിച്ചും നടത്തിയ പ്രസംഗത്തിന് പ്രോത്സാഹനവുമായി യുഡിഎഫ് ബെഞ്ച് ഒപ്പം നിന്നു.

വര്‍ഗീയതയെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയതില്‍ തികഞ്ഞ അഭാമിന ബോധമുണ്ടെന്ന ആമുഖത്തോടെയാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. താന്‍ തോല്‍പ്പിച്ചത് സംഘപരിവാറിന്‍റെ വര്‍ഗീയത മാത്രമല്ല, അവരോട് കിടപിടിക്കുന്ന കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ വര്‍ഗീയതയെക്കൂടി പരാജയപ്പെടുത്തിയിട്ടാണ് നിയമസഭയിലെത്തിയത്.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം (ETV Bharat)

ബിജെപി രണ്ടാമത് നില്‍ക്കുന്ന ആര്‍എസ്എസിന് വേരോട്ടമുള്ള ഒരു മണ്ഡലത്തില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ എല്ലാ വൃത്തികേടുകളും ചെയ്‌തു. ഒരു ഡസന്‍ മന്ത്രിമാര്‍ നീലപ്പെട്ടിയില്‍ സ്ഥാനാര്‍ത്ഥിയായ താന്‍ പണം കടത്തിയെന്ന് ആരോപണം ഉന്നയിച്ചു. ആ ആരോപണം ഉന്നയിച്ചിട്ട് ഒരു എഫ്‌ഐആര്‍ എങ്കിലും രജിസ്‌റ്റര്‍ ചെയ്യാത്ത ഗതികേടിലാണ് സര്‍ക്കാര്‍ നില്‍ക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"ആ പാതിരാ നാടകത്തിന് പാലക്കാട് നല്‍കിയ തിരിച്ചടിയാണ് യുഡിഎഫിന്‍റെ വിജയം. ആ രാത്രി മറക്കാന്‍ കഴിയില്ല. എംബി രാജേഷ് ആരാണ് വിവി രാജേഷ് ആരാണെന്ന് കേരളത്തിന് തിരിച്ചറിയാന്‍ കഴിയാത്ത രാത്രിയായിരുന്നു അത്. ഏതോ ഒരു സിനിമയില്‍ ശ്രീനീവാസനും തിലകനും യാത്ര ചെയ്യുമ്പോള്‍ നമ്മുടെ ശബ്‌ദം ഒരുപോലെയാണെന്ന് പറയുന്നതെങ്കില്‍ പാലക്കാട് എം ബി രാജേഷിന്‍റേയും വി വി രാജേഷിന്‍റേയും ശബ്‌ദം ഒരുപോലെയായിരുന്നില്ല, ഒന്നു തന്നെയായിരുന്നു," -രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

വടകരയില്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ടില്‍ പരാതി കൊടുത്ത ആളുകള്‍ തന്നെയാണ് അത് ഉണ്ടാക്കിയതെന്ന് തെളിയിക്കപ്പെട്ടു. കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്‍റെ പ്രിന്‍റഡ് വേര്‍ഷന്‍ പാലക്കാട് സൃഷ്‌ടിക്കാനല്ലേ എല്‍ഡിഎഫ് ശ്രമിച്ചത്. അതല്ലേ സിറാജ് പത്രത്തിലും സുപ്രഭാതം പത്രത്തിലും നിങ്ങള്‍ ചെയ്‌ത്. പച്ചവെള്ളത്തിനു തീപിടിപ്പിക്കുന്ന പച്ച വര്‍ഗീയത ആളിക്കത്തിക്കാനാണ് സിപിഎം ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു.

സന്ദീപ് വാര്യര്‍ ബിജെപി വിടുമ്പോള്‍ മാരാര്‍ജി ഭവനിലെ കൂട്ടക്കരച്ചില്‍ മനസിലാക്കാം. പക്ഷേ എകെജി സെന്‍ററിലെന്തിനാണ് കൂട്ടക്കരച്ചില്‍. കാരണം ബിജെപിയില്‍ നിന്ന് ഒരാള്‍ പോലും കൊഴിയാന്‍ പാടില്ലെന്ന താത്പര്യം സിപിഎമ്മിനുണ്ട്. ഇന്ത്യയില്‍ സിപിഎം അധികാരത്തില്‍ വന്നിരുന്നെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഎമ്മിന്‍റെ ഏക പോളിറ്റ് ബ്യൂറോ മെമ്പര്‍ എ വിജയരാഘവനാകുമായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. വിജയാഘവന്‍ പാലക്കാട് പരാജയപ്പെട്ടതുകൊണ്ടും സിപിഎമ്മിന് ആകെ മൂന്ന് സീറ്റും കിട്ടിയത് കൊണ്ടു മാത്രമാണ് കേരളത്തിന് ഒരു പ്രധാനമന്ത്രിയെ നഷ്‌ടപ്പെട്ടത്. കപ്പിനും ലിപ്പിനുമിടയില്‍ പ്രധാനമന്ത്രി സ്ഥാനം നഷ്‌ടമായ വിജയാഘവന്‍ കേരളത്തിലെ മുസ്‌ലിങ്ങളെ തെറിവിളിച്ചു നടക്കുന്നു. -രാഹുല്‍ പരിഹസിച്ചു.

എല്‍ഡിഎഫ് ലോകസഭയിലേക്ക് പരാജയപ്പെട്ടതിന് ഇവിടുത്തെ മുസ്‌ലിങ്ങളും ക്രിസ്‌ത്യാനികളും ഹിന്ദുക്കളും മതമുള്ളവനും മതവില്ലാത്തവനുമെല്ലാം ഉത്തരവാദികളാണ്. കാരണം എല്ലാ ജനങ്ങളും എല്‍ഡിഎഫിന് എതിരാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടി.ർ

വരത്തന്മാർ ആരൊക്കെ?

പാലക്കാട് മത്സരിക്കാന്‍ ചെല്ലുമ്പോള്‍ തന്നെ സിപിഎം വിളിച്ചത് വരുത്തന്‍ എന്നാണ്. കാസര്‍ഗോഡ് മത്സരിച്ച കണ്ണൂരുകാരനായ എകെ ഗോപാലന്‍ പാലക്കാട് മത്സരിക്കുമ്പോള്‍ വരത്തനല്ലേ എന്ന് രാഹുൽ ചോദിച്ചു.

കണ്ണൂരുകാരനായ ഇ കെ നായനാര്‍ പാലക്കാട് മത്സരിക്കുമ്പോള്‍ അദ്ദേഹം വരത്തനല്ലേ, നിങ്ങള്‍ മാരാരിക്കുളത്തു മത്സരിച്ചു പരാജയപ്പെടുത്തിയ വി എസ് അച്യുതാനന്ദന്‍ പാലക്കാട് വരുമ്പോള്‍ അദ്ദേഹം വരത്തനല്ലേ? മലപ്പുറം കാരനായ ഇഎംഎസ് നമ്പൂതിരിപ്പാട് പാലക്കാട് മത്സരിക്കുമ്പോള്‍ അദ്ദേഹം വരത്തനല്ലേ? -രാഹുല്‍ ചോദിച്ചു.

തന്നെ വരത്തനെന്നു വിളിച്ച എകെ ബാലന്‍ കോഴിക്കോട് നാദാപുരംകാരന്‍. അദ്ദേഹം ഒറ്റപ്പാലത്തും കുഴല്‍മന്ദത്തും തരൂരും മത്സരിച്ചയാളല്ലേ. എ കെ ബാലന്‍റെ ആ ശബ്‌ദത്തിന് കോറസ് കൊടുത്തത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ്. കോഴിക്കോടുകാരനായ സുരേന്ദ്രന്‍ കേരളത്തില്‍ മത്സരിക്കാന്‍ ഇനി ഒരു ജില്ലയും ബാക്കിയില്ലെന്നും രാഹുൽ പരിഹസിച്ചു.

എ എ റഹീമിനെയും രാഹുൽ മാങ്കൂട്ടത്തിൽ കടന്നാക്രമിച്ചു. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ എഎ റഹീമിനെ രാജ്യസഭാ മെമ്പറാക്കിയതില്‍ ഒരു പ്രയോജനവുമില്ലെന്ന പ്രതിനിധികളുടെ അഭിപ്രായം തന്നെ വല്ലാതെ വേദനിപ്പിച്ചു. റഹീം എംപിയായതില്‍ സിപിഎമ്മിന് പ്രയോജനമില്ലെങ്കിലും യുഡിഎഫിന് വലിയ പ്രയോജനമാണ്. അദ്ദേഹം പാലക്കാട് എത്തിയതു കൊണ്ടാണ് തൃക്കാക്കരയ്ക്കും പുതുപ്പള്ളിക്കും വടകരയ്ക്കും ശേഷം പാലക്കാട് ജോറായി മാറിയതെന്നും രാഹുല്‍ പരിഹസിച്ചു.

Also Read:പിണറായി വാഴ്ത്തുപാട്ട് നിയമസഭയിൽ ഈണത്തിൽ ചൊല്ലി പി സി വിഷ്‌ണു നാഥ്; പാടിയത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ

ABOUT THE AUTHOR

...view details