പാലക്കാട്: പാലക്കാടന്‍ ചൂടിലും ചൂടേറി മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി പരമാവധി ജനങ്ങളെ നേരിട്ടുകണ്ടു വോട്ടഭ്യര്‍ഥിക്കാനുള്ള ശ്രമത്തിലാണ് പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി സരിനും ബിജെപിയുടെ സി കൃഷ്‌ണകുമാറും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
യുഡിഎഫിന് അഭിമാനപ്രശ്‌നം
യുഡിഎഫിനെ സംബന്ധിച്ച് അഭിമാനപ്രശ്‌നമാണ് പാലക്കാട്. ഷാഫി പറമ്പിലിന്‍റെ പിന്‍ഗാമിയായി രാഹുലിനെ വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മുന്നണി. വിവാദങ്ങളില്‍ നിന്നും ഏറെ അകലം പാലിച്ച് ജനകീയ വിഷയങ്ങളുയര്‍ത്തുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാറിനെതിരെയാണ് രാഹുലിന്‍റെ പ്രചാരണം.
പാലക്കാടിന് പുറത്തു നിന്നുള്ള സ്ഥാനാര്‍ഥിയാണെങ്കിലും മണ്ഡലത്തിലെ നിരവധി പ്രദേശങ്ങളിലേക്ക് തനിക്ക് ഇതിനകം എത്തിച്ചേരാന്‍ സാധിച്ചിട്ടുണ്ടെന്നാണ് രാഹുല്‍ പറയുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഇ ശ്രീധരനില്‍ നിന്നും കടുത്ത മത്സരമായിരുന്നു യുഡിഎഫിന് നേരിടേണ്ടി വന്നത്. എന്നാല്‍ ആ മത്സരം സ്ഥാനാര്‍ഥിയുടെ പ്രത്യേകത ഒന്നുകൊണ്ടുമാത്രമാണെന്നും ഇത്തവ എളുപ്പം തന്നെ ജയിച്ച് കയറാമെന്നുമാണ് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
തിരിച്ചുവരവ് ലക്ഷ്യമിട്ട് എല്‍ഡിഎഫ്
സീറ്റുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിലെ പൊട്ടിത്തെറിയും തുടര്‍ന്നുള്ള നാടകീയ നീക്കങ്ങള്‍ക്കുമൊടുവിലാണ് സരിന്‍ എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ഥിയാവുന്നത്. പാലാക്കാട്ടുകാരനായ സ്ഥാനാര്‍ഥി എന്ന നിലയില്‍ മണ്ഡലത്തെ ഏറെ അടുത്തറിയുന്ന ആളാണ് സരിന്‍. ജനങ്ങളെ ഒരിക്കല്‍ക്കൂടി നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനാണ് സരിന്‍റേയും ശ്രമം.
മണ്ഡലത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് സരിന്‍റെ പ്രചാരണം. മണ്ഡലത്തില്‍ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായ എല്‍ഡിഎഫ് സരിനിലൂടെ ശക്തമായൊരു തിരിച്ചുവരവാണ് ലക്ഷ്യം വയ്‌ക്കുന്നത്. എന്നാല്‍ സിപിഎമ്മിലെ ഉള്‍പ്പാര്‍ട്ടിപ്പോര് നിലനില്‍ക്കുകയാണ്.