പാലക്കാട്:സന്ദീപ് വാര്യർക്കെതിരെയുള്ള എൽഡിഎഫ് പരസ്യം ബിജെപിയെ സഹായിക്കാനെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുൽ മാങ്കൂട്ടത്തിൽ. സന്ദീപ് വാര്യർക്കെതിരെ ചില വാർത്ത മാധ്യമങ്ങളിൽ പരസ്യം നൽകിയത് ബിജെപിയെ സഹായിക്കാനാണെന്നും അദ്ദേഹം. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തില്‍.
പച്ചയ്‌ക്ക് വർഗീയത പറയുന്ന പരസ്യത്തിന് എങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അംഗീകാരം ലഭിച്ചതെന്ന് മനസിലാകുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. മുഖ്യമന്ത്രി പാണക്കാട് തങ്ങൾക്കെതിരെ നടത്തിയ പരാമർശത്തിൻ്റെ പ്രതിഫലം വോട്ടെടുപ്പിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപിനെതിരായ പരസ്യത്തിൻ്റെ ഗുണഭോക്താക്കൾ ബിജെപിയാവുമെന്ന് സിപിഎമ്മിന് അറിയാഞ്ഞിട്ടല്ല. അതിന് പണം മുടക്കിയത് ആർഎസ്എസ് ആവും. പരസ്യത്തിൽ ഒരിടത്തും ബിജെപിയെ വിമർശിക്കാൻ സിപിഎം തയാറാകുന്നില്ല. ബിജെപിക്ക് ഒന്നും സംഭവിക്കരുതെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കെ സുരേന്ദ്രനേക്കാൾ സ്നേഹമാണ് ഇവർക്ക് ബിജെപിയോട്. പരസ്യത്തിന്‍റെ ഉദ്ദേശം ജനം മനസിലാക്കും. പാണക്കാട് തങ്ങളെ തള്ളി പ്രസ്‌താവന നടത്തിയതിൻ്റെ പ്രതിഫലനം പാലക്കാട് ഉണ്ടാവും. സന്ദീപ് വാര്യരെ പാർട്ടിയിൽ എത്തിക്കാൻ രഹസ്യ ഓപറേഷൻ ഒന്നുമില്ല. അയാൾ മതേതര മുന്നണിയിലേക്ക് വരാൻ തയ്യാറായപ്പോൾ സ്വീകരിച്ചു.
സ്ഥാനാർഥിത്വം നൽകിയല്ല വരവേറ്റത്. കള്ളവോട്ട് തടയും എന്നല്ല മന്ത്രി എംബി രാജേഷ് പറയേണ്ടത്. അത് തടയേണ്ടത് ബൂത്ത് ലവൽ പ്രതിനിധികളാണ്. മന്ത്രി ചെയ്യേണ്ടിയിരുന്നത് കള്ളവോട്ട് ഇല്ലാതിരിക്കാനുള്ള വഴികളായിരുന്നു.
മന്ത്രിയുടെ പ്രസ്‌താവന ഇവിടെ അക്രമാന്തരീക്ഷം ഉണ്ടാക്കും എന്നാണ്. താൻ വരത്തനാണെന്ന എകെ ബാലൻ്റെ വാദം പരിഹാസ്യമാണെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ പറഞ്ഞു.
Read more: 'സന്ദീപിനെ മാധ്യമങ്ങൾ മഹത്വവൽക്കരിക്കുന്നു; പഴയകാല പ്രവർത്തനങ്ങളും പ്രസ്‌താവനകളും പൊതു സമൂഹത്തിന് മുന്നിലുണ്ട്': പിണറായി വിജയന്‍