കൽപ്പറ്റ:കോണ്‍ഗ്രസിന്‍റെ ഉറപ്പുകള്‍ പങ്കുവെക്കാന്‍ വയനാട്ടില്‍ കോളനി സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധി. കല്‍പ്പറ്റ മരവയല്‍ പണിയ ആദിവാസി കോളനിയിലാണ് രാഹുല്‍ ഗാന്ധി എത്തിയത്. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കിയ കോണ്‍ഗ്രസിന്‍റെ ഉറപ്പുകള്‍ പ്രതിപാദിക്കുന്ന പ്രകടനപത്രിക (നീതി പത്രിക) രാഹുല്‍ കോളനി വാസികൾക്ക് പരിചയപ്പെടുത്തി.
രാഹുലിനെയും പ്രിയങ്കയെയും കുട്ടികള്‍ കണിക്കൊന്നപ്പൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചത്. നാലോളം വീടുകളില്‍ രാഹുലും പ്രിയങ്കയും കയറിയിറങ്ങി. കോളനിയിലെ പാര്‍വതി-കണ്ണന്‍, ചാമി-തുറുമ്പി, അമ്മിണി-ഗോപാലന്‍, നാരായണന്‍, ബാലന്‍, അജിത്ത്, അപ്പു തുടങ്ങിയവരുടെ വീടുകളിലാണ് എഐസിസി ജനറല്‍ സെക്രട്ടറിമായ പ്രിയങ്കാഗാന്ധിക്കും കെ സി വേണുഗോപാലിനുമൊപ്പം രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തിയത്.
വീട്ടുകാരോട് വോട്ടഭ്യര്‍ത്ഥിക്കുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌തു. വീട്ടുകാരെ കെട്ടിപ്പിടിച്ച് രാഹുല്‍ സ്‌നേഹം പങ്കിട്ടു. സ്‌ത്രീകളോടും അമ്മമാരോടും കുട്ടികളോടും വര്‍ത്തമാനം പറഞ്ഞു. കോളനിയില്‍ കുടിവെള്ള പ്രശ്‌നം ഉണ്ടോയെന്ന് രാഹുല്‍ സ്ത്രീകളോട് ആരാഞ്ഞു.സമീപ പ്രദേശങ്ങളിലെ ആളുകളും രാഹുലിനെ കാണാന്‍ കോളനിയിലെത്തിയരുന്നു. ചിലര്‍ രാഹുലിന് നിവേദനങ്ങള്‍ നല്‍കി.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കോണ്‍ഗ്രസ് നടപ്പാക്കാന്‍ പോകുന്ന ഉറപ്പുകളെക്കുറിച്ച് നേതാക്കള്‍ കോളനിക്കാര്‍ക്ക് മുമ്പില്‍ വിവരിച്ചു. കാര്‍ഷിക കടാശ്വാസവും നിയമപരിരക്ഷയുള്ള താങ്ങുവിലയും ഉറപ്പ് നല്‍കി കടത്തില്‍ നിന്ന് മോചനം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ ദേശീയ മിനിമം കൂലി 400 രൂപയാക്കല്‍, സാമൂഹ്യവും സാമ്പത്തികവുമായ നീതിയും തുല്യതയും ഉറപ്പുവരുത്താന്‍ രാജ്യത്തെ എല്ലാ വ്യക്തികളെയും സാമൂഹ്യവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സെന്‍സസ്, അഭ്യസ്‌തവിദ്യരായ യുവാക്കള്‍ക്കെല്ലാം ജോലി ഉറപ്പ് നല്‍കുന്ന പദ്ധതി, നിര്‍ധന കുടുംബങ്ങളിലെ ഓരോ വനിതകള്‍ക്കും പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നല്‍കുന്ന പദ്ധതി എന്നിങ്ങനെ കോണ്‍ഗ്രസ് ഉറപ്പുനല്‍കുന്ന പ്രകടനപത്രികയിലെ വിവിധ വിഷയങ്ങളെ കുറിച്ച് നേതാക്കള്‍ കോളനിയിലെ താമസക്കാര്‍ക്ക് മുമ്പില്‍ വിശദീകരിച്ചു.