കല്‍പ്പറ്റ :രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കില്ലെന്ന അഭ്യൂഹങ്ങൾ തലപൊക്കിയതോടെ സീറ്റിനായി സംസ്ഥാന നേതാക്കൾക്കിടയിൽ ചരടുവലി തുടങ്ങി (Rahul Gandhi Wayanad lok sabha constituency). സംസ്ഥാനത്ത് യുഡിഎഫിന്‍റെ ഉറച്ച മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട്. രൂപം കൊണ്ടതിന് ശേഷം യുഡിഎഫിനെ കൈവിടാത്ത മണ്ഡലം. ഈ ഒറ്റ കാരണത്താൽ തന്നെ നിരവധി പേരാണ് രാഹുൽ പിൻമാറിയാൽ സീറ്റിനായി രംഗത്തുള്ളത്.
യുപിയിലെ അമേഠിക്ക് പുറമെ തമിഴ്‌നാട്ടിലെ കന്യാകുമാരിയോ, കർണാടകയിലെ ഏതെങ്കിലുമൊരു മണ്ഡലമോ, അല്ലെങ്കില്‍ തെലങ്കാനയില്‍ എവിടെയെങ്കിലുമോ രാഹുൽ മത്സരിക്കാനുള്ള സാധ്യതയാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. രാഹുൽ പിൻമാറിയാൽ എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, സംസ്ഥാന നേതാക്കളായ ഷാനിമോൾ ഉസ്‌മാൻ, എംഎം ഹസൻ, ടി സിദ്ദിഖ് തുടങ്ങിയവരുടെ പേരുകളാണ് ചർച്ച ചെയ്യപ്പെടുന്നത്.
രാഹുൽ തന്‍റെ പഴയ തട്ടകമായ അമേഠിയിൽ വീണ്ടും ജനവിധി തേടുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് അമേഠിയിലെത്തിയ അദ്ദേഹം പ്രാദേശിക കോൺഗ്രസ് നേതാക്കളെ ഇക്കാര്യം അറിയിച്ചതായാണ് വിവരം. സോണിയ ഗാന്ധി ഇത്തവണ മത്സരിക്കുന്നില്ല എന്നത് നേരത്തെ വ്യക്തമായതാണ്. ഗാന്ധി കുടുംബം പൂർണമായും വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടി കൂടി കണക്കിലെടുത്ത് രാഹുൽ അമേഠിയിൽ ഇറങ്ങുമെന്നാണ് വിലയിരുത്തൽ.
ദക്ഷിണേന്ത്യയിൽ ഉറച്ച വിജയപ്രതീക്ഷയുള്ള സീറ്റെന്ന നിലയിലാണ് കഴിഞ്ഞ തവണ രണ്ടാം മണ്ഡലമായി വയനാട്ടിൽ രാഹുല്‍ മത്സരിക്കാനെത്തിയത്. സംസ്ഥാന ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷത്തിൽ (അഞ്ച് ലക്ഷത്തോളം) അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. എന്നാൽ രാഹുലിന്‍റെ സ്ഥാനാർഥിത്വം കേരളത്തിൽ ഗുണം ചെയ്തെങ്കിലും മറ്റിടങ്ങളിൽ ദോഷം ചെയ്തെന്നാണ് വിലയിരുത്തൽ. രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാർഥിത്വം ബിജെപി ഉത്തരേന്ത്യയിൽ പ്രചാരണ ആയുധമാക്കി.