ജീവന്‍റെ തുടിപ്പ് തേടി സൈന്യം; സിഗ്നല്‍ ലഭിച്ച മുണ്ടക്കൈയിലെ സ്‌പോട്ടില്‍ വീണ്ടും റഡാര്‍ പരിശോധന (ETV Bharat) വയനാട്: മുണ്ടക്കൈയില്‍ നിര്‍ത്തിവച്ച റഡാര്‍ പരിശോധന പുനരാരംഭിച്ചു. ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചയിടത്താണ് വീണ്ടും സൈന്യമെത്തി പരിശോധന നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ച കെട്ടിടാവശിഷ്‌ങ്ങള്‍ക്കിടയില്‍ നേരത്തെ മണിക്കൂറുകളോളം സംഘം പരിശോധന നടത്തിയിരുന്നു. എന്നാല്‍ മനുഷ്യ സാന്നിധ്യമില്ലെന്നും തവളയോ പാമ്പോ ആയിരിക്കുമെന്ന വിലയിരുത്തലില്‍ പരിശോധന അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ദൗത്യ സംഘത്തിന് പ്രത്യേക നിര്‍ദേശം ലഭിച്ചത്.
സിഗ്നല്‍ ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തും വരെ രാത്രിയും തെരച്ചില്‍ തുടരും. സ്ഥലത്തേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരും എത്തും. സ്ഥലം പൂര്‍ണമായും ഇപ്പോള്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്. മൂന്നാമതും ഇവിടെ റഡാര്‍ പരിശോധന നടത്തിയതിലൂടെ സൂചന ശക്തമാണെന്നാണ് റിപ്പോര്‍ട്ട്. ഫ്ലഡ് ലൈറ്റുകള്‍ എത്തിച്ച് പരിശോധന തുടരും.
അതേസമയം മനുഷ്യര്‍ തന്നെയാണോ അവിടെയുള്ളതെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് ദൗത്യ സംഘം പറയുന്നത്. വിവിധ സേനാവിഭാഗങ്ങള്‍ ഇവിടെ കേന്ദ്രീകരിച്ചിട്ടുണ്ട്. ദുര്‍ഘട സാഹചര്യത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. ഇതിനിടെ തകര്‍ന്ന വീട് പൂര്‍ണമായും പൊളിച്ച് നീക്കുകയാണിപ്പോള്‍ സൈന്യം.
തകര്‍ന്ന വീടിന്‍റെ അടുക്കള ഭാഗത്തായാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. ഇവിടെ നിന്ന് മൂന്ന് പേരെ കാണാതായിട്ടുണ്ട്. തൊട്ടടുത്ത കലുങ്കിനടിയിലും പരിശോധന നടത്തുന്നുണ്ട്. വ്യക്തതയുണ്ടാകും വരെ പരിശോധന തുടരും. പരിശോധനയില്‍ തുടര്‍ച്ചയായി സിഗ്നല്‍ ലഭിക്കുന്നുണ്ട്. മൂന്ന് മീറ്റര്‍ താഴ്‌ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചിട്ടുള്ളത്. സൈന്യത്തിന്‍റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് പരിശോധന. ദുരന്ത മേഖലയില്‍ നിന്ന് ആദ്യമായാണ് റഡാറില്‍ സിഗ്നല്‍ ലഭിക്കുന്നത്.
ഭൂമിക്കടിയില്‍ ചലനമാണെങ്കില്‍ ചുവന്ന സിഗ്നലാകും കിട്ടുക. അതേസമയം ശ്വാസമാണെങ്കില്‍ നീലനിറത്തിലാകും സിഗ്നല്‍. തുടര്‍ച്ചായായി നീലനിറത്തിലുള്ള സിഗ്നലാണ് ലഭിക്കുന്നത്. അതേസമയം മുണ്ടക്കൈയിലെ മറ്റിടങ്ങളിലെ റഡാര്‍ പരിശോധന താത്‌കാലികമായി നിര്‍ത്തിവച്ചു. നാളെ വീണ്ടും റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകും.
Also Read:പ്രതീക്ഷയുടെ നാലാം ദിനം: പടവെട്ടിക്കുന്നിൽ നാല് പേരെ ജീവനോടെ കണ്ടെത്തി; ഒരാൾക്ക് കാലിന് പരിക്ക്