ഇടുക്കി : റോഡ് തകർന്നത് ചോദ്യം ചെയ്‌തതിന് പിന്നാലെ പ്രദേശവാസിക്ക് നേരെ കോൺട്രാക്‌ടർ വധഭീഷണി മുഴക്കിയതായി പരാതി. കോടികൾ ചെലവഴിച്ച് നിർമിച്ച മൂന്നാർ സൈലന്‍റ് വാലി റോഡാണ് നിർമാണം പൂർത്തിയാക്കി കുറച്ച് നാൾ പിന്നിട്ടപ്പോഴേക്കും തകർന്നത്. സംഭവത്തെ കുറിച്ച് വിവരാകാശ നിയമപ്രകാരം ചോദ്യം ചെയ്‌തതിനാണ് കോൺട്രാക്‌ടർ ഫോണിലൂടെ വധശിക്ഷ മുഴക്കിയതെന്ന് റിയാസ് പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതായും റിയാസ് കൂട്ടിച്ചേർത്തു.
'തനിക്കെതിരെ ഇതിന് മുൻപ് 23 ക്രിമിനൽ കേസുകൾ മൂന്നാർ പൊലീസ് സ്‌റ്റേഷനിൽ ഉണ്ടെന്നും താൻ മുൻപ് ഗുണ്ട ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും' പറഞ്ഞായിരുന്നു കോൺട്രാക്‌ടർ റിയാസിനെ ഭീഷണിപ്പെടുത്തിയത്. മാത്രമല്ല, 'നിരവധി തവണ ജയിലിൽ കിടന്നിട്ടുണ്ട് എന്‍റെ പേരിൽ കൊലപാതകശ്രമക്കേസ് വരെയുണ്ട്, താൻ എനിക്കൊരു ചുക്കുമല്ല', ഇത്തരത്തിലൊക്കെയായിരുന്നു വധ ഭീഷണി.
2018 ലെ പ്രളയത്തിൽ ആണ് മൂന്നാർ സൈലന്‍റ് വാലി റോഡ് തകർന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും പ്രതിഷേധത്തിനും ഒടുവിലാണ് ദേവികുളം എംഎൽഎ ഫണ്ടിൽ നിന്ന് ആറ് കോടി രൂപ ചെലവഴിച്ച് 19 ദശാംശം അഞ്ച് കിലോമീറ്റർ റോഡിന്‍റെ പണിപൂർത്തിയാക്കിയത്.