തിരുവനന്തപുരം:ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് നടന്ന തൃശൂര്‍ പൂരം കലക്കിയതിനു പിന്നില്‍ എഡിജിപി എംആര്‍ അജിത്കുമാറിന് പങ്കുണ്ടെന്ന പിവി അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ എല്‍ഡിഎഫിനുള്ളില്‍ വിവാദം പുകഞ്ഞു തുടങ്ങി. തൃശൂര്‍ പൂര വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പുറത്തു വിടാത്തതെന്തെന്ന ചോദ്യവുമായി തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വിഎസ് സുനില്‍ കുമാര്‍ രംഗത്തെത്തി.
ഇതോടെയാണ് പുതിയ വിവാദം എല്‍ഡിഎഫില്‍ തലയുയര്‍ത്തുന്നത്. പൂരം കലക്കിയത് എം ആര് അജിത്കുമാറാണോ എന്നു തനിക്കറിയില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. ആദ്യം റിപ്പോര്‍ട്ട് പുറത്തു വിടൂ, അതിന് ശേഷം പറയാം കടിച്ചത് ചേരയാണോ മൂര്‍ഖനാണോ എന്നായിരുന്നു ഇന്ന് തൃശൂരില്‍ മാധ്യമങ്ങളോട് സുനില്‍കുമാര്‍ പറഞ്ഞത്.
മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് എന്തു കൊണ്ട് പുറത്തു വിടുന്നില്ലെന്ന് ചോദിക്കുന്ന സുനില്‍ കുമാര്‍, റിപ്പോര്‍ട്ട് പുറത്തു വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും വ്യക്തമാക്കി. ഇതോടെ പ്രകടമായിരിക്കുന്നത് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചതിലെ കടുത്ത അതൃപ്തിയാണ്.
തൃശൂര്‍ പൂര ദിവസം പകല്‍പ്പൂരം നടക്കുമ്പോഴും ഇലഞ്ഞിത്തറ മേളം നടക്കുമ്പോഴും ഒന്നും ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ രാത്രി ഈ സംഭവങ്ങളുണ്ടായ ശേഷം പൊടുന്നനെ സുരേഷ് ഗോപി അവിടെ സേവ ഭാരതിയുടെ അംബുലന്സിലെത്തിയത് യാദൃച്ഛികമാണെന്ന് കരുതാന്‍ വയ്യെന്ന് സുനില്‍ കുമാര്‍ പറയുന്നതില്‍ പ്രതിപക്ഷം ആക്ഷേപിക്കുന്ന തരത്തിലുള്ള ഒരു ഡീല്‍ തൃശൂരില്‍ നടന്നതായി സംശയിക്കുന്ന തരത്തിലുള്ള ഒരു ധ്വനി ഒളിഞ്ഞിരിക്കുന്നുണ്ട്. മാത്രമല്ല, സുരേഷ് ഗോപിക്കൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആര്‍എസ്എസ് നേതാക്കളുണ്ടായിരുന്നു എന്നതും സംശയം വര്‍ധിപ്പിക്കുന്നതായി സുനില്‍കുമാര്‍ പറയുന്നു.