മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഉയര്‍ത്തി വിട്ട ആക്ഷേപ ശരങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി എം എല്‍ എ പി വി അന്‍വറിന്‍റെ ഓരോ നീക്കങ്ങളും രാഷ്ട്രീയ കേരളം സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ്. അന്‍വറിന്‍റെ നിലപാടുകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പരസ്യമായി തള്ളിയ ശേഷം ഒരു തവണ മാത്രം മാധ്യമങ്ങളെ കണ്ട നിലമ്പൂര്‍ എം എല്‍ എ കഴിഞ്ഞ ദിവസങ്ങളില്‍ മൗനം പാലിക്കുകയായിരുന്നു. അതിനിടെയാണ് നിരവധി വ്യാഖ്യാനങ്ങള്‍ക്ക് അവസരം നല്‍കുന്ന പൊതു പരിപാടിയില്‍ പ്രതിപക്ഷ നേതാവുമൊത്ത് അന്‍വര്‍ വേദി പങ്കിട്ടത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പണി കഴിപ്പിച്ച മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററിന്‍റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. പ്രതിപക്ഷ നേതാവിനു പുറമേ ഏറനാട് എം എല്‍ എ പി കെ ബഷീറും യോഗത്തില്‍ ആശംസ പ്രാസംഗികനായി ഉണ്ടായിരുന്നു. യുഡി എഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചതിലും നിലമ്പൂര്‍ മണ്ഡലത്തില്‍ നടക്കുന്ന പരിപാടിയില്‍ സ്ഥലം എം എല്‍ എ എന്ന നിലയില്‍ അന്‍വര്‍ പങ്കെടുത്തതിലും അസ്വാഭാവികതയില്ല. എന്നാല്‍ ഏറെക്കാലം രാഷ്ട്രീയത്തില്‍ ബദ്ധ വൈരികളായിരുന്ന പികെ ബഷീറും പി വി അന്‍വറും ഒരേ വേദിയില്‍ വന്നതും തമാശകള്‍ ആസ്വദിച്ചതും സദസ്സിന് കൗതുകമായി. പിവി അന്‍വര്‍ യുഡിഎഫുമായി അടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു പരിപാടി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രത്യേകിച്ചും അൻവറിന്‍റെ കോൺഗ്രസ് പശ്ചാത്തലം മുഖ്യമന്ത്രി തന്നെ ഓർമിപ്പിച്ച സാഹചര്യത്തിൽ അൻവർ കോൺഗ്രസ് പാളയത്തിലേക്ക് കടക്കുമോ എന്ന ചർച്ചകൾ സജീവമാണ്. യുഡിഫ് കൺവീനർ എം എം ഹസൻ 'അൻവർ നിൽക്കുന്നിടത്ത് തന്നെ നിൽക്കട്ടെ' എന്ന് പ്രതികരിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അൻവറിനെപ്പോലൊരു തുറുപ്പ് ചീട്ടിനെതിരെ പ്രതിപക്ഷം മുഖം തിരിക്കാൻ ഒരു സാധ്യതയുമില്ല. അൻവറിന് സിപിഎമ്മിൽ ഇനി ഒരു ഭാവി അത്ര എളുപ്പമല്ലെന്നതും യാഥാർഥ്യമാണ്.
പാർട്ടിക്കകത്ത് തന്നെ വലിയ ഭിന്നതകളും പിളർപ്പുകളും ഉണ്ടാക്കാൻ കരുത്തും കാമ്പുമുള്ള ആരോപണങ്ങളാണ് അൻവർ ഉയർത്തിയിരിക്കുന്നത് എന്നത് തന്നെയാണ് ഇതിന്‍റെ പ്രധാന കാരണം. കോൺഗ്രസിനകത്ത് അൻവർ ഉയർത്തിയ വിമത ശബ്‌ദത്തെക്കാൾ വലിയ കോലാഹലങ്ങൾക്കാണ് ഇടത് പാളയത്തിൽ അൻവർ തിരികൊളുത്തിവിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവും ലീഗ് എംഎൽഎയും അൻവറും ഒരേ വേദിയിൽ വരുമ്പോൾ പ്രത്യക്ഷത്തിൽ അസ്വാഭാവികതയൊന്നുമില്ലെങ്കിലും ഈ വേദി പങ്കിടൽ നിരവധി രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്കുള്ള സാധ്യത തുറന്നിടുന്നുണ്ട്.
എന്തായാലും പാർട്ടി കരുതിയത് പോലെ അത്ര എളുപ്പത്തിൽ നിശബ്‌ദ മാക്കാൻ കഴിയുന്നൊരു ശബ്‌ദമല്ല അന്‍വറിന്‍റേതെന്ന് അൻവർ ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞു. അൻവറിന്‍റെ നീക്കങ്ങൾ പ്രവചിക്കാനും പാർട്ടിക്കോ അണികൾക്കോ കഴിയുന്നില്ല എന്നിടത്താണ് പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം അൻവർ എന്ന ആയുധത്തിന്‍റെ മൂർച്ച കൂടുന്നത്. അൻവർ കേരള രാഷ്ട്രീയത്തിലെ സമവാക്യങ്ങളെ മാറ്റിമറിക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.
Also Read:പാർട്ടി നിർദേശം തള്ളി അൻവർ, വീണ്ടും പരസ്യ പ്രതികരണം; വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് ഫേസ്‌ബുക്ക് പോസ്‌റ്റ്