മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് തകര്‍ത്ത സംഭവത്തില്‍ റിമാന്‍ഡിലായ പിവി അന്‍വര്‍ എംഎല്‍എയെ തവനൂര്‍ ജയിലില്‍ എത്തിച്ചു. തവനൂര്‍ ജയിലില്‍ എത്തിക്കുന്നത് മുമ്പായി കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് എംഎല്‍എയെ രണ്ടാം തവണയും വൈദ്യ പരിശോധനക്ക് വിധേയമാക്കി. 14 ദിവസത്തേക്കാണ് എംഎല്‍എയെ റിമാന്‍ഡ് ചെയ്‌തിരിക്കുന്നത്. അതേസമയം കേസില്‍ ഇന്ന് എംഎല്‍എ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് തകര്‍ത്ത സംഭവത്തിലെ ഒന്നാം പ്രതിയാണ് പിവി അന്‍വര്‍. അന്‍വര്‍ അടക്കം 11 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ല വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസ്. പൊതു മുതല്‍ നശിപ്പിക്കല്‍, കൃത്യ നിര്‍വഹണം തടയല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.