തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ നിർദേശ പ്രകാരമാണ് വി ഡി സതീശനെതിരെ നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ചതെന്നും ടൈപ്പ് ചെയ്‌ത് നൽകിയതാണ് ആരോപണമായി വായിച്ചതെന്നും പി വി അൻവർ. പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നു. നിലമ്പൂരിൽ ഇനി താൻ മത്സരിക്കാനില്ല. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിക്ക് പൂർണ പിന്തുണ നൽകുമെന്നും പി വി അൻവർ തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രാജി നിർദേശിച്ചത് തൃണമൂൽ നേതൃത്വമാണ്. കേരളത്തിലെ തൃണമൂൽ നേതൃത്വം, ബിഷപ്പുമാർ എന്നിവരുമായി ചർച്ച ചെയ്‌ത ശേഷമാണ് രാജി തീരുമാനം. പാർലമെന്‍റിൽ വന്യജീവി ആക്രമണം ഉന്നയിക്കാമെന്ന് തൃണമൂൽ ഉറപ്പ് നൽകി.
രാജിക്കാര്യത്തിൽ സ്വന്തം മനസാക്ഷിയെ മുൻനിർത്തി തീരുമാനമെടുക്കാൻ തൃണമൂൽ നേതൃത്വം നിർദേശിച്ചു. 452 ദിവസം മാത്രമാണ് ഇനി പിണറായിസത്തിനുള്ളത്. പിണറായിസത്തിന്‍റെ കൗണ്ട്ഡൗൺ തുടങ്ങിയെന്നും പി വി അൻവർ പറഞ്ഞു.
'യുഡിഎഫിന് നല്‍കുന്ന നിരുപാധിക പിന്തുണ പക്ഷേ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയായാല്‍ ഉണ്ടാകുമോ എന്ന് അന്ന് പറയാം. ആര്യാടന്‍ ഷൗക്കത്തിനെ സാംസ്‌കാരിക പ്രവര്‍ത്തകനായാണ് കാണുന്നത്. പിന്തുണയ്ക്കാന്‍ അല്‍പം പ്രയാസമുണ്ട്' -മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അന്‍വര്‍ പറഞ്ഞു.
നിയമസഭയില്‍ വിഡി സതീശനെതിരെ 150 കോടി രൂപയുടെ കോഴ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി നിര്‍ദേശിച്ചതനുസരിച്ചാണെന്നും താന്‍ പാര്‍ട്ടി ഏല്‍പിച്ച ജോലി നിറവേറ്റുക മാത്രമായിരുന്നുവെന്നും അന്‍വര്‍ വെളിപ്പെടുത്തി. ഇതിന്‍റെ പാപഭാരം താനിപ്പോഴും ചുമക്കുകയാണെന്നും സതീശനോടും കേരള സമൂഹത്തോടും മാപ്പ് പറയുന്നതായും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പിതാവിനു തുല്യം സ്നേഹിച്ച മുഖ്യമന്ത്രിയേയും കുടുംബത്തേയും സഭയിലിട്ട് ആക്രമിക്കുന്നത് കണ്ട് സഹിക്കാതെയാണ് അഴിമതിയാരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ വിശദീകരിച്ചു. നിയമസഭയിലെത്താന്‍ പിന്തുണ നല്‍കിയ ഇടതു മുന്നണി നേതാക്കള്‍ക്കും എല്‍ഡിഎഫിനൊപ്പമുള്ള യാത്രയില്‍ കൂടെ നിന്നവര്‍ക്കും പിണറായിസത്തിനെതിരെ കഴിഞ്ഞ അഞ്ചുമാസമായി നടത്തുന്ന പോരാട്ടത്തില്‍ പിന്തുണ നല്‍കിയവര്‍ക്കും അന്‍വര്‍ നന്ദി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നിലമ്പൂര്‍ എംഎല്‍എ ആയിരുന്ന പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തത്. രാജി പോരാട്ടത്തിന്‍റെ അടുത്തഘട്ടം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്‌ച തന്നെ കൊല്‍ക്കൊത്തയില്‍ നിന്ന് സ്‌പീക്കര്‍ക്ക് ഇമെയിലിലൂടെ രാജിക്കത്ത് അയച്ചു നല്‍കിയിരുന്നു. എന്നാല്‍ സഭാ ചട്ടമനുസരിച്ച് സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട് രാജി നല്‍കണമെന്ന വ്യവസ്ഥയുള്ളതു കൊണ്ടാണ് നേരിട്ട് സ്‌പീക്കറെ കണ്ട് രാജി നല്‍കിയതെന്ന് അന്‍വര്‍ പറഞ്ഞു.
Also Read: പിവി അന്‍വര്‍ രാജിവച്ചു, രാജി അയോഗ്യത ഒഴിവാക്കാന്‍