കണ്ണൂര്‍: മയ്യഴിയെ വിനോദസഞ്ചാരത്തിൻ്റെ കേന്ദ്രമാക്കാനുള്ള നടപടികളുമായി പുതുച്ചേരി ഭരണകൂടം. മാഹി പുഴയോര നടപ്പാതയും ഗവണ്‍മെൻ്റ് ഹൗസിനോട് ചേര്‍ന്നുളള മൂപ്പന്‍സ് കുന്നും മഞ്ചക്കല്‍ ബോട്ട് ഹൗസും ഉള്‍പ്പെടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമാക്കി മാറ്റും. മാഹിയുടെ വിനോദസഞ്ചാര സാധ്യതകളെ പൂര്‍ണമായും ഉപയോഗപ്പെടുത്താനുള്ള പദ്ധതികളാണ് നടപ്പാക്കുക. നിലവില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികളും യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളും ഇതിൻ്റെ ഭാഗമായി നടക്കും.
മൂപ്പന്‍ കുന്നിലും മഞ്ചക്കല്‍ ബോട്ട് ഹൗസിന് സമീപത്തും റെസ്റ്റോറൻ്റുകള്‍ തുറക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തന്നെ ഉണ്ടാകും. മയ്യഴി പുഴയില്‍ വാട്ടര്‍ സ്‌പോർട്‌സ്, ഫ്‌ളോട്ടിങ് റെസ്‌റ്റോറൻ്റ്, ഹൗസ് ബോട്ട്, സ്‌പീഡ് ബോട്ട് തുടങ്ങിയവയ്ക്കും ടെന്‍ഡര്‍ നല്‍കാനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകും. മാഹിയെ മറ്റിടങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്ന പുഴയോര നടപ്പാതയുടെ പൂര്‍ത്തീകരണത്തിന് മുന്‍ഗണന നല്‍കും. മൂന്ന് ഘട്ടങ്ങളിലായാണ് ഇത് വികസിപ്പിക്കുക. ഇതില്‍ രണ്ടാമത്തെ ഘട്ടത്തില്‍ ബാക്കിയുള്ള പ്രവര്‍ത്തി നടത്താന്‍ 4.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഉടന്‍ പ്രവൃത്തി ആരംഭിക്കും.