കേരളം

kerala

ETV Bharat / state

പിഎസ്‌സി അംഗത്വ കോഴ വിവാദം: പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം - CPM EXPELLED PRAMOD KOTTOOLI

പിഎസ്‌സി അംഗത്വ കോഴ വിവാദത്തിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയ്‌ക്കെതിരെ പാര്‍ട്ടി നടപടി. സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റിയുടേതാണ് തീരുമാനം.

PSC ISSUE KOZHIKODE  പ്രമോദ് കോട്ടൂളി പിഎസ്‌സി കേസ്  പിഎസ്‌സി അംഗത്വ കോഴ വിവാദം  PSC MEMBERSHIP BRIBE
Pramod Kottooli (ETV Bharat)

By ETV Bharat Kerala Team

Published : Jul 13, 2024, 4:41 PM IST

കോഴിക്കോട് : പിഎസ്‌സി അംഗത്വ കോഴ വിവാദത്തിൽ ആരോപണ വിധേയനായ സിപിഎം ഏരിയ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. റിയൽ എസ്റ്റേറ്റ് ബന്ധം ഉൾപ്പെടെ നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രമോദിനെതിരെ പാര്‍ട്ടിയുടെ നടപടി. ആയുഷിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പ്രമോദ് ആരോഗ്യമന്ത്രിയുടെ സെക്രട്ടറി സജീവന്‍റെ സഹായം ഉണ്ടാകും എന്ന് തെറ്റിദ്ധരിപ്പിച്ചെന്നും പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ചെയ്‌തിരുന്നു.

ഇതിനായി നഗരത്തിലെ ഒരു ബിജെപി നേതാവുമായി ചേർന്ന് പ്രമോദ് പ്രവർത്തിച്ചെന്നും കണ്ടെത്തലുണ്ട്. പാർട്ടിക്ക് നിരക്കാത്ത നിരവധി പ്രവർത്തനങ്ങള്‍ പ്രമോദ് നടത്തിയെന്നതിന്‍റെ പേരിലാണ് നടപടി. ജില്ല കമ്മറ്റി തീരുമാനം പ്രമോദ് ഉൾപ്പെടുന്ന ടൗൺ ഏരിയ കമ്മറ്റിയിൽ അവതരിപ്പിച്ചു.

വിഷയം കൈകാര്യം ചെയ്യുന്നതിൽ ജില്ല കമ്മറ്റിക്ക് വീഴ്‌ച സംഭവിച്ചതായും സംസ്ഥാന നേതൃത്വം യോഗത്തെ അറിയിച്ചു. ഇന്നത്തെ സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി യോഗത്തിൽ വാക്ക്‌പോരും ഉണ്ടായി. പി എസ് സി കോഴ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയുടെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങളെ ചൊല്ലിയാണ് കമ്മിറ്റിയിൽ വാക്കുതർക്കം ഉണ്ടായത്.

പരസ്യ കമ്പനിയുള്ള ഒരു ജില്ല കമ്മിറ്റി അംഗത്തിനും ബിനാമി ഇടപാടുകൾ ഉണ്ടെന്നാണ് ഒരു വിഭാഗം പറഞ്ഞത്. ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ല സെക്രട്ടറി അടക്കം സ്വീകരിയ്ക്കുന്നതെന്നും വിമർശനം ഉയർന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉയർത്തി കൊണ്ടിരുന്ന പരാതിക്ക് വിധേയമായി കോഴിക്കോട് ജില്ല കമ്മറ്റി പ്രവർത്തിച്ചു തുടങ്ങി എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് ഇന്നത്തെ നടപടി ക്രമങ്ങൾ. ഇതിന്‍റെ വരുംവരായ്കകൾ അടുത്ത ദിവസം പുറത്ത് വരും.

Also Read : 'വസ്‌തുത പുറത്തുവരണം, യാഥാര്‍ഥ്യം പാര്‍ട്ടി കണ്ടെത്തണം': പിഎസ്‌സി അംഗത്വ കോഴ ആരോപണത്തില്‍ വിശദീകരണം നൽകി പ്രമോദ് കോട്ടൂളി - Pramod Kottooli On Psc Bribe Issue

ABOUT THE AUTHOR

...view details