തിരുവനന്തപുരം:ഡ്രൈവിങ് സ്‌കൂള്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഡ്രൈവിംഗ് ടെസ്‌റ്റ് വീണ്ടും മുടങ്ങി. തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്‌റ്റ് ഗ്രൗണ്ടില്‍ ഇന്നും ഡ്രൈവിങ് സ്‌കൂള്‍ സംഘടനകള്‍ പ്രതിഷേധിച്ചതോടെയാണ് ടെസ്‌റ്റ് തടസപ്പെട്ടത്.
ടെസ്‌റ്റ് ബഹിഷ്‌ക്കരണത്തില്‍ നിന്ന് സിഐടിയു പിന്മാറിയെങ്കിലും ഐഎന്‍ടിയുസി, ബിഎംഎസ് എന്നിവയ്ക്കൊപ്പം മറ്റ് ചില സ്വതന്ത്ര സംഘടനകളും ബഹിഷ്‌കരണം തുടരുകയാണ്. മുട്ടത്തറയിലെ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്‌റ്റ് കേന്ദ്രത്തില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ സമരപ്പന്തല്‍ കെട്ടി പ്രതിഷേധം തുടരുകയാണ്.
വിഷയം ചര്‍ച്ച ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഐപിഎസിന്‍റെ അദ്ധ്യക്ഷതയില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ടെസ്‌റ്റിന് താത്പര്യമുള്ളവര്‍ വാഹനവുമായി എത്തിയാല്‍ നിര്‍ബന്ധമായും നടത്തണമെന്നാണ് യോഗത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിന് പൊലീസിന്‍റെ സഹായവും തേടാവുന്നതാണ്. സര്‍ക്കുലറിന് ശേഷം ദിവസേനയുള്ള ടെസ്‌റ്റുകളുടെ എണ്ണം 40 ആക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവും പുറത്തിറക്കിയിരുന്നു. വിഷയത്തില്‍ പരിഷ്‌കരണം നടപ്പിലാക്കണമെന്ന ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരുന്നു.
Also Read: ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണം; പ്രതിഷേധത്തിന് പിന്നാലെ ദിവസേനയുള്ള ടെസ്‌റ്റുകളുടെ എണ്ണം കുറച്ച് ഗതാഗത വകുപ്പ്