ഇടുക്കി: രാജകുമാരി വില്ലേജ് ഓഫിസ് മാറ്റി സ്ഥാപിക്കാനുള്ള റവന്യൂ വകുപ്പിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. രാജകുമാരി ടൗണിന് സമീപമുള്ള ഓഫിസ് നടുമുറ്റത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധമുയരുന്നത്. നിലവിലെ ഓഫിസിലേക്ക് ജനങ്ങള്‍ക്ക് വേഗത്തില്‍ എത്തിച്ചേരാനാകുമെന്നും എന്നാല്‍ നടുമുറ്റത്തേക്ക് മാറ്റിയാല്‍ അതിന് സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
അതേസമയം പഞ്ചായത്തും ജനപ്രതിനിധികളും അറിയാതെയാണ് നിര്‍മാണത്തിനുള്ള നീക്കങ്ങള്‍ നടന്നതെന്നും ആരോപണം ഉയരുന്നുണ്ട്. നാല് പതിറ്റാണ്ടായി രാജകുമാരി ടൗണിന് സമീപമാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. പുതിയ സ്‌മാർട്ട് വില്ലേജ് ഓഫിസ് നിർമ്മിക്കാൻ നിലവിലെ സ്ഥലത്ത് സൗകര്യമില്ലെന്നാണ് റവന്യൂ വകുപ്പിന്‍റെ വാദം.
സ്‌മാർട്ട് വില്ലേജ് ഓഫീസിനായി 10 സെന്‍റ് സ്ഥലം ആവശ്യമാണ്. എന്നാൽ രാജകുമാരിയിലെ വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്നത് വെറും 8 സെന്‍റ് ഭൂമിയിലാണ്. അതിനാൽ നടുമറ്റത്തുള്ള റവന്യൂ ഭൂമിയിൽ വില്ലേജ് ഓഫീസ് നിർമ്മിച്ച് പഴയ ഓഫീസ് ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സായി ഉപയോഗിക്കണമെന്നുമാണ് റവന്യൂ വകുപ്പ് ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്ട്.