കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച് തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം പ്രിയങ്ക സമര്‍പ്പിച്ച സത്യവാങ്‌മൂലം പ്രകാരം ആകെ 12 കോടിയുടെ സ്വത്ത് ആണുള്ളത്.
2023-2024 സാമ്പത്തിക വർഷത്തിൽ വാടക വരുമാനവും ബാങ്കുകളിൽ നിന്നും മറ്റ് നിക്ഷേപങ്ങളിൽ നിന്നുമുള്ള പലിശയും ഉൾപ്പെടെ 46.39 ലക്ഷം രൂപയോളമുണ്ട്. മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ വിവിധ തുകകളുടെ നിക്ഷേപം, മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം, പിപിഎഫ്, ഹോണ്ട സിആർവി കാർ എന്നിവയുൾപ്പെടെ 4.24 കോടി രൂപയിലധികം ആസ്‌തിയുണ്ട്. ഭർത്താവ് റോബർട്ട് വദ്ര സമ്മാനിച്ച 1.15 കോടി രൂപ വിലമതിക്കുന്ന 4400 ഗ്രാം സ്വർണമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
52,000 രൂപയാണ് പ്രിയങ്കയുടെ കൈവശം ഉള്ളത്. 2.1 കോടിയുടെ ഭൂസ്വത്തുക്കള്‍ ഉണ്ട്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ 5.63 കോടിയിലധികം വിലയുള്ള അപ്പാര്‍ട്ട്‌മെന്‍റ് ഉണ്ട്. യുകെയിലെ സണ്ടർലാൻഡ് സർവകലാശാലയിൽ നിന്ന് വിദൂര പഠനത്തിലൂടെ ബുദ്ധിസ്‌റ്റ് സ്‌റ്റഡീസിൽ ബിരുദാനന്തര ഡിപ്ലോമയും ഡൽഹി സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിഎ ഹോൺസ് ബിരുദവും നേടിയ പ്രിയങ്കയുടെ ബാധ്യത 15.75 ലക്ഷം രൂപയാണ്.
15 ലക്ഷം രൂപ നികുതിയായി അടയ്‌ക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഭര്‍ത്താവ് റോബർട്ട് വാദ്രയ്ക്ക് 37.9 കോടി രൂപ വിലമതിക്കുന്ന ജംഗമ സ്വത്തുക്കളും 27.64 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളും ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പ്രിയങ്കയ്‌ക്കെതിരെ രണ്ട് എഫ്ഐആറുകളും വനം വകുപ്പിന്‍റെ നോട്ടീസും ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Read Also:'നിങ്ങള്‍ എന്നും ഞങ്ങളുടെ ഹൃദയത്തില്‍ നിലനില്‍ക്കും', വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഹുലും പ്രിയങ്കയും