കേരളം

kerala

ETV Bharat / state

പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന; സ്ഥലത്ത് സംഘർഷാവസ്ഥ, കോൺ​ഗ്രസ് പ്രതിഷേധത്തിലേക്ക്

പരിശോധിച്ചവയിൽ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുടെ മുറികളുണ്ടെന്നും ഹോട്ടലിലെ 12 മുറികളിൽ പരിശോധന നടത്തിയതായും പൊലീസ്

PALAKKAD BY ELECTION  PALAKKAD CONGRESS  PALAKKAD HOTEL SEARCH  MALAYALAM NEWS
Police Raid Palakkad (ETV Bharat)

By ETV Bharat Kerala Team

Published : Nov 6, 2024, 6:59 AM IST

Updated : Nov 6, 2024, 7:07 AM IST

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാട്ടെത്തിയ കോണ്‍ഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയ്‌ക്ക് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ. തെരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചെന്ന പരാതിയിൽ ചൊവ്വാഴ്‌ച അര്‍ധരാത്രിയോടെയാണ് പൊലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്.

പൊലീസ് പരിശോധനയ്ക്കിടെ സിപിഎം, ബിജെപി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്‌ണ, ഷാനിമോൾ ഉസ്‌മാൻ തുടങ്ങിയവരടക്കം ഹോട്ടലിലുണ്ടായിരുന്നു.

ബിന്ദു കൃഷ്‌ണയുടെയും ഷാനി മോൾ ഉസ്‌മാന്‍റെയും മുറികളിലാണ് ആദ്യം പരിശോധന നടത്തിയത്. ഹോട്ടലിന്‍റെ മൂന്ന് നിലകളിലെ എല്ലാ മുറികളിലും പൊലീസ് കയറി പരിശോധിച്ചു. ഇതിനിടെ സിപിഎം, ബിജെപി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി. തുടർന്ന് പ്രവർത്തകർ തമ്മിൽ നടന്ന വാക്‌പോര് കയ്യാങ്കളിയുടെ വക്കിലെത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പരിശോധിച്ചവയിൽ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുടെ മുറികളുണ്ടെന്നും ഹോട്ടലിലെ 12 മുറികളിൽ പരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു. ഇതൊരു പതിവ് അന്വേഷണമായിരുന്നെന്നും മുറികളിൽ നിന്ന് ഒന്നും കണ്ടെത്തിയില്ലെന്നും എഎസ്‌പി അശ്വതി ജിജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധന നടന്നത്. ഈ ഹോട്ടല്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്‌ച പരിശോധന നടത്തിയിട്ടുണ്ടെന്നും എഎസ്‌പി പറഞ്ഞു. അതേസമയം തങ്ങളുടെ പാർട്ടി നേതാക്കളെ ലക്ഷ്യമിട്ടാണ് തെരച്ചിൽ നടത്തിയതെന്ന് കോൺഗ്രസ് എംപിമാരായ വി കെ ശ്രീകണ്‌ഠനും ഷാഫി പറമ്പിലും ആരോപിച്ചു. പൊലീസ് നടപടിക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഇവർ അറിയിച്ചു.

Also Read:അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വൻ മുന്നറ്റം; ലീഡ് തിരിച്ചുപിടിക്കാൻ കമല, തത്സമയ ഫലം അറിയാം!

Last Updated : Nov 6, 2024, 7:07 AM IST

ABOUT THE AUTHOR

...view details