തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ തൃശൂർ കമ്മീഷണർ അങ്കിത് അശോകനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി. പൂരത്തിന്‍റെ ഭാഗമായ ആചാരാനുഷ്‌ഠാനങ്ങൾ പൊലീസ് തടസപ്പെടുത്തിയതിൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പി സുധാകരനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സർക്കാർ, പൊലീസ് ഉൾപ്പെടെയുള്ള എതിർകക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി.
കമ്മീഷണർ അങ്കിത് അശോകൻ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ആചാരപരമായ ചടങ്ങുകളായ മഠത്തിൽ വരവ് നടത്തുന്നതിൽ തടസമുണ്ടാക്കി. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പൊലീസ് പാദരക്ഷ ധരിച്ചു കയറി. വടക്കുംനാഥ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയെ തടഞ്ഞു തുടങ്ങിയ ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഹർജി.