കോഴിക്കോട് : വാഴക്കാട് ചാലിയാറിൽ പ്ലസ് വൺ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസിൻ്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന് കൈമാറി. കൊണ്ടോട്ടി ഡിവൈഎസ്‌പിയുടെ നേതൃത്തത്തിലായിരുന്നു ഇതുവരെയുള്ള കേസ് അന്വേഷണം നടന്നത്. പ്രാഥമിക പോസ്‌റ്റ്‌മോർട്ടത്തിന്‍റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ കരാട്ടെ പരിശീലകനായ ഊർക്കടവ് സ്വദേശി വി സിദ്ദീഖ് അലി (43) പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചതായി പിന്നീട് വിവരം പുറത്തുവന്നു.
പെൺകുട്ടി ആത്മഹത്യ ചെയ്‌തതല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബവും ആക്ഷൻ കൗൺസിലും ആരോപിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 19 നാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ സിദ്ദീഖ് അലിയെ പൊലീസ് പിന്നീട് അറസ്‌റ്റ് ചെയ്‌തു.
ഇയാൾക്കെതിരെ വ്യാപക പരാതിയാണ് ഉയർന്നിരുന്നത്. ഇയാൾ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ നടത്തുന്നത് പതിവാണെന്നും ആരോപണമുയർന്നിരുന്നു. ഇതെല്ലാം കരാട്ടെയുടെ ഭാഗമാണെന്നായിരുന്നു സിദ്ദീഖ് കുട്ടികളോട് പറഞ്ഞിരുന്നത്. ഇയാൾ നേരത്തെ പോക്‌സോ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്നയാളാണ്.
കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സിദ്ദീഖിനെതിരെ പോക്സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. പീഡനത്തെ കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റുപറഞ്ഞഞ്ഞുവെന്നും മരിച്ച പെൺകുട്ടിയുടെ സഹോദരിമാർ വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പെൺകുട്ടി മാനസികമായി തളർന്നതിനാൽ സ്‌കൂൾ പഠനം നിർത്തിയിരുന്നു.
എന്നാൽ സംഭവം ആത്മഹത്യയാണെന്ന് പൊലീസ് അറിയിക്കുകയുണ്ടായി. സംഭവത്തിന് മുന്‍പായി ഇത് സംബന്ധിച്ച വാട്‌സ്ആപ്പ് സന്ദേശം പെണ്‍കുട്ടി സഹോദരിയ്‌ക്ക് അയച്ചിരുന്നു. മരണത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും വാഴക്കാട് പൊലീസ് അറിയിച്ചിരുന്നു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഏറെ താഴ്‌ചയുള്ള കുഴികളുണ്ട്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്‌ത്രം വെള്ളത്തിൽ മുങ്ങാൻ പ്രയാസമായതിനാല്‍ കുട്ടി സ്വയം ഊരിമാറ്റിയതാകാമെന്നാണ് പൊലീസ് പറഞ്ഞത്. സഹോദരിയ്‌ക്ക് 17കാരി വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചത് വീട് വിട്ട് ഇറങ്ങിയ ശേഷമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടന്ന ദിവസം രാത്രി 11 മണിയ്‌ക്ക് ശേഷം കുട്ടി ആരുമായും ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. അതിനാൽ തന്നെ സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പൊലീസ് നല്‍കിയിരുന്ന വിവരം.
Also read : എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്