കോഴിക്കോട് : സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന പ്രതിസന്ധിയിൽ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം. വിവിധ ജില്ലകളിൽ വിദ്യാർഥി സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, ഇടുക്കി, കൊല്ലം ജില്ലകളിൽ നടത്തിയ പ്രതിഷേധങ്ങളാണ് സംഘർത്തിൽ കലാശിച്ചത്.
സംസ്ഥാനത്ത് പ്ലസ്‌വൺ ക്ലാസ് തുടങ്ങിയിട്ടും ഒരു ലക്ഷത്തോളം വിദ്യാർഥികളാണ് പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുന്നത്. പ്ലസ് വൺ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിച്ചിട്ടും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ ഉൾപ്പടെ സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്ന സാഹചര്യത്തിലാണ് ശക്തമായ സമരത്തിലേക്ക് വിദ്യാർഥി സംഘടനകൾ നീങ്ങിയത്.
വിവിധ ജില്ലകളിൽ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കോഴിക്കോട് വിദ്യാഭ്യാസ വകുപ്പിന്‍റെ മേഖലാ ഉപഡയറക്‌ടർ ഓഫിസിലേക്ക് കെഎസ്‌യു നടത്തിയ ഉപരോധം സംഘർഷത്തിൽ കലാശിച്ചു. ഓഫിസ് മുറി പുറത്ത് നിന്ന് പൂട്ടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. പ്രതിഷേധിച്ച കെഎസ്‌യു ജില്ല പ്രസിഡന്‍റ് ഉൾപ്പടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
കോഴിക്കോട് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവൂർ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. മലപ്പുറത്തും ഫ്രറ്റേണിറ്റി പ്രതിഷേധത്തിൽ അറസ്റ്റുണ്ടായി. വിഷയത്തിൽ സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എസ്‌കെഎസ്എസ്എഫും ആർ.ഡി.ഡിയ്‌ക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചിരുന്നു.