മലപ്പുറം: സജി ചെറിയാൻ മന്ത്രിയായി തുടരുന്നത് ധാർമികപരമായും സാങ്കേതികപരമായും ശരിയല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. രാജി വച്ചില്ലെങ്കിൽ യുഡിഎഫ് പ്രതിഷേധ പരിപാടികളെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. അതേസമയം പാലക്കാട് യുഡിഎഫ് വൻ വിജയം നേടുമെന്നും നിലവിലെ സാഹചര്യത്തിൽ ബിജെപി രണ്ടാം സ്ഥാനത്ത് ആയിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് റദ്ദാക്കിയ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
സജിചെറിയാൻ്റെ ഭരണഘടന വിരുദ്ധ പ്രസ്‌താവനയില്‍ പൊലീസ് റിപ്പോർട്ട് റദ്ദാക്കിയ സിംഗിൾ ബെഞ്ച്, തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനെക്കൊണ്ട് ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിർദേശം. മല്ലപ്പളളി പ്രസംഗത്തിന്‍റെ പേരിൽ മന്ത്രി സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ സംസ്ഥാന പൊലീസ് നടപടിയെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്.
പൊലീസ് അന്വേഷണം അപൂർണമാണെന്നാണ് കോടതിയുടെ നിരീക്ഷണം. കേസ് അവസാനിപ്പിച്ചത് വേഗത്തിൽ ആയിപ്പോയി. പ്രസംഗത്തിന്‍റെ ഫോറൻസിക് റിപ്പോർട്ട് വരും മുമ്പേ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത് ഒട്ടും ശരിയായില്ല. പ്രസംഗത്തിന്‍റെ ദൃശ്യവും ശബ്‌ദ സാമ്പിളുകളുടെ ശരിയായ പരിശോധനയും റിപ്പോർട്ടിന്‍റെ ഭാഗമായില്ല.
സാക്ഷി മൊഴികൾ പോലും കൃത്യമായി രേഖപ്പെടുത്തിയില്ല. പ്രസംഗം കേട്ട മാധ്യമ പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് തയാറായില്ല. വസ്‌തുതകൾ പരിശോധിക്കാതെയുളള തികച്ചും അപക്വമായ അന്വേഷണമാണ് നടന്നത്. ഈ റിപ്പോർട്ട് അതേപടി സ്വീകരിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടിയും ഉചിതമായില്ലെന്നും കോടതി നിരീക്ഷിച്ചു.