മലപ്പുറം:എല്ലാ ഇടതുപക്ഷ ഗവൺമെൻ്റുകളും ചേർന്ന് സ്‌മാർട്ട് സിറ്റി പദ്ധതിയെ കൊന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി. ആൻ്റണി ഗവൺമെൻ്റിൻ്റെ കാലത്ത് അന്ന് ഐടി മന്ത്രാലയം ഞാനായിരുന്നു. വലിയ പ്രതീക്ഷയിലായിരുന്നു സ്‌മാർട്ട് സിറ്റി പദ്ധതി കൊണ്ടുവന്നത്. ഇൻഫോപാർക്കും അക്കാലത്ത് തന്നെയാണ് കൊണ്ടുവന്നത്. അത് സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഹൈ ഡിമാൻ്റ് ഉള്ളതിനാലാണ് ഇൻ്റർനെറ്റ് സിറ്റി ദുബായയിൽ ഉള്ളത് പോലെ കേരളത്തിലും കൊണ്ടുവരാമെന്ന് തീരുമാനിക്കുന്നത്. പക്ഷേ പിന്നീട് വന്ന ഗവൺമെൻ്റ് അതിനോടെടുത്ത സമീപനം വളരെ നിരാശജനകമാണ്. 2006 ന് ശേഷം അതിൻ്റെ ദുഷ്‌കാലം തുടങ്ങി. അത് മുടന്തി മുടന്തി ഇപ്പോൾ ഇത് വരെയായി. ഇപ്പോൾ നഷ്‌ടപരിഹാരം കൊടുത്ത് ഒഴിവാക്കുന്നുവെന്ന് വിചിത്ര വാദമാണ് പറയുന്നത്. വളരെ വിചിത്രമായ ഒരു തീരുമാനമാണിത്. വലിയ പ്രതീക്ഷയിൽ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്‌ടാണിത്. നഷ്‌ടപരിഹാരം നൽകുന്നതോടെ പരാജയം പൂർണമായെന്നും മുന്‍ വ്യവസായ മന്ത്രിയായ പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.