തിരുവനന്തപുരം:കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പൗരത്വ നിയമത്തിൽ മിണ്ടാട്ടമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി ജോയ്ക്ക് വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി വർക്കലയിൽ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം.
പൗരത്വ നിയമ വിഷയം ഞങ്ങൾ സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് എന്നാണ് ചിലർ പറയുന്നത്. നാലുവർഷം മുമ്പ് തെരഞ്ഞെടുപ്പ് ആയിരുന്നില്ല. അന്നും ഞങ്ങൾ ഇതിനെതിരെ ശബ്ദിച്ചവരാണ്. സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അടക്കം സമീപിച്ചിരുന്നു. കോൺഗ്രസിന് അപ്പോഴും പ്രതികരണമില്ല. ഇത് പരിഹാസ്യമാണ്. രാജ്യത്തുള്ള എല്ലാ വിഷയങ്ങളിലും പ്രതികരിച്ച രാഹുൽ ഗാന്ധിയും ഇതിൽ പ്രതികരിച്ചില്ല.
ഇതേക്കുറിച്ച് പറഞ്ഞപ്പോൾ പ്രകടന പത്രികയുടെ എട്ടാം പേജ് നോക്കാനായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഉപദേശം. പൗരത്വ നിയമഭേദഗതി എന്ന ഒരു കാര്യമേ ആ പേജിൽ ഇല്ല. രാജ്യം ഈ തെരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. എല്ലാ മൂല്യങ്ങളും അപകടപ്പെടുന്ന സാഹചര്യം. അവയെല്ലാം സംരക്ഷിക്കപ്പെടണമെന്ന് രാജ്യം ആഗ്രഹിക്കുന്നു.