പേരൂർക്കട : ഹാർവിപുരം ഭാവനാനിലയത്തിൽ മായ മുരളിയെ (39) കൊലപ്പെടുത്തിയ കേസിലെ പ്രതി രഞ്ജിത്തിനെ(31) സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നെന്നും ഒപ്പംതാമസിച്ചിരുന്ന മായ തന്നെ ഉപേക്ഷിച്ച് പോകുമെന്ന് ഉറപ്പായതോടെയാണ് ഇയാൾ യുവതിയെ മർദിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. മായയുടെ കൊലപാതകം നടന്ന് രണ്ടാഴ്‌ചയ്ക്ക് ശേഷമാണ് ഓട്ടോഡ്രൈവറായ കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തിനെ പൊലീസ് പിടികൂടുന്നത്.
തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് നിന്നുമാണ് ഇയാൾ അറസ്റ്റിലായത്. മുതിയാവിള കാവുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബർ തോട്ടത്തിൽ മെയ് 9-ന് രാവിലെയാണ് മായ മുരളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ഇവിടെയാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. സംഭവത്തിനുശേഷം രഞ്ജിത്ത് ഒളിവിലായിരുന്നു. ഓടിച്ചിരുന്ന ഓട്ടോയും, മൊബൈൽ ഫോണും ഉപേക്ഷിച്ചശേഷം കുടപ്പനക്കുന്ന്, മെഡിക്കൽ കോളജ്, പേരൂർക്കട, നെയ്യാറ്റിൻകര തുടങ്ങി പലയിടത്തും കറങ്ങിനടക്കുന്ന രഞ്ജിത്തിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.