മലപ്പുറം: കാഞ്ഞിരപ്പിള്ളി ഡ്രീം വേള്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ വിദ്യാർഥികളുമായി വിനോദ യാത്രക്കെത്തിയ അധ്യാപകനെ മർദിച്ച സംഭവത്തിൽ അഞ്ചംഗ സംഘം അറസ്‌റ്റിൽ. ഒറ്റപ്പാലം സ്വദേശികളായ ഉമ്മര്‍ ഷാഫി (28), മുഹമ്മദ് റാഷിഖ് (28), റഫീക്ക് (41), ഇബ്രാഹിം (39), മുബഷീര്‍ (32) എന്നിവരെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്.
അഞ്ചംഗ സംഘത്തിന്‍റെ മര്‍ദനത്തെ തുടര്‍ന്ന് അധ്യാപകന്‍റെ മൂക്കിന്‍റെ എല്ല് തകര്‍ന്നു. അധ്യാപകനെ മര്‍ദിച്ചവരെ പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞുവച്ച് ചാലക്കുടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ (ജനുവരി 7) മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് വിദ്യാര്‍ഥികളുമായി കാഞ്ഞിരപ്പിള്ളിയിലെ ഡ്രീവേള്‍ഡ് വാട്ടര്‍ തീം പാര്‍ക്കിലെത്തിയതായിരുന്നു വിനോദ സംഘം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംഘത്തിലെ അധ്യാപികയോട് യുവാക്കള്‍ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്‌തതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. അധ്യാപികയോട് മോശമായി സംസാരിച്ചത് അധ്യാപകനായ പ്രണവ് ചോദ്യം ചെയ്‌തതോടെ അഞ്ചംഗ സംഘം അദ്ദേഹത്തെ മർദിക്കുകയായിരുന്നു.
സംഭവത്തിൽ ഭയന്ന് വിദ്യാർഥികൾ ബഹളം വച്ചതോടെ പാര്‍ക്കിലെ സെക്യൂരിറ്റിക്കാരെത്തി അഞ്ച് പേരേയും തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. അതേസമയം, പരിക്കേറ്റ അധ്യാപകന്‍ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സ തേടി. കസ്‌റ്റഡിയിലെടുത്ത പ്രതികളെ മേല്‍ നടപടികള്‍ക്ക് ശേഷം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.
Also Read: ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍