ഇടുക്കി :കല്ലാര്‍ മുതല്‍ ആനക്കുളം വരെയുള്ള റോഡില്‍ ഏറ്റവും അധികം അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് മാങ്കുളം ആനക്കുളം റോഡിലെ പേമരം വളവ്. രണ്ടാഴ്‌ച മുമ്പ് നടന്ന വാഹനാപകടത്തില്‍ നാല് ജീവനുകള്‍ ഇവിടെ വച്ച് നഷ്‌ടമായിരുന്നു. മുൻപും നിരവധി വാഹനാപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്.
അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ ഇടപെടല്‍ വേണമെന്ന ആവശ്യം വാഹനയാത്രികരും സമീപവാസികളും മുമ്പോട്ട് വച്ചിരുന്നു. എന്നാല്‍ കൈക്കുഞ്ഞടക്കം മരണപ്പെട്ട അപകടം സംഭവിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും വളവില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഫലപ്രദമായ ഇടപെടല്‍ ഇനിയും സാധ്യമായിട്ടില്ലെന്നാണ് ആക്ഷേപം.
ബിഎംബിസി നിലവാരത്തില്‍ റോഡ് മുഖം മിനുക്കിയ ശേഷം ഇതുവഴിയെത്തുന്ന വാഹനയാത്രികരില്‍ പലരും അപകട സാധ്യത തിരിച്ചറിയാതെ ഇതുവഴി വേഗതയില്‍ കടന്ന് പോകുന്ന സ്ഥിതിയാണുള്ളത്. സുരക്ഷയ്ക്കായി ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയറുകളും അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷ ഉറപ്പാക്കാന്‍ പോന്നതല്ലെന്ന് പരിസരവാസികള്‍ പറയുന്നു.
ഇറക്കവും കൊടുംവളവും നിറഞ്ഞ ഭാഗമാണിവിടം. ആദ്യമായി എത്തുന്നവര്‍ക്ക് റോഡിന്‍റെ ദിശ പെട്ടന്ന് മനസിലാകില്ല. വളവ് നിവര്‍ത്തിയാല്‍ മാത്രമെ പ്രദേശത്തെ അപകട സാധ്യത പൂര്‍ണമായി ഒഴിവാക്കാനാകുവെന്ന് പ്രദേശവാസികള്‍ പറയുന്നു. വളവ് അവസാനിക്കുന്ന ഭാഗത്തെ മണ്‍തിട്ട നീക്കിയാല്‍ വീതി വര്‍ധിക്കുന്നതിനൊപ്പം റോഡിന്‍റെ ദിശയും വ്യക്തമാകും.