കോഴിക്കോട്:കാനല്‍നട യാത്രക്കാരനെ ആക്രമിച്ച് പ്രതി പിടിയിൽ. കാനല്‍നട യാത്രക്കാരനായ വയോധികനെ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയും പണമടങ്ങിയ പേഴ്‌സുമായി കടന്നുകളയുകയും ചെയ്‌ത സംഭവത്തിലാണ് ഒരാളെ പൊലീസ് പിടികൂടിയത്. കോഴിക്കോട് കല്ലായി പള്ളിക്കണ്ടി എസ്.വി ഹൗസില്‍ മകന്‍ യാസിര്‍ (34) എന്ന ചിപ്പുവിനെയാണ് കസബ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന് സമീപം വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത് (Suspect Arrested For Holding And Assaulting An Pedestrian).
കഴിഞ്ഞ ഞായറാഴച ഉച്ചയോടെയാണ് മലപ്പുറം ആലത്തിയൂര്‍ സ്വദേശി ഉണ്ണിക്കൃഷ്‌ണനെ മൂന്നംഗ സംഘം ആക്രമിച്ചത്. നടന്നുപോവുകയായിരുന്ന ഉണ്ണിക്കൃഷ്‌ണനെ പാവമണി റോഡില്‍ വെച്ച് യാസിര്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം തടയുകയായിരുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന ഇളനീര്‍ ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞതോടെ ഭീകരമായി മര്‍ദ്ദിക്കുകയായിരുന്നു.
മുഖത്തും കൈക്കും അടിച്ച് പരിക്കേല്‍പ്പിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്‌തു. നിലത്തുവീണതോടെ 900 രൂപയും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും അടങ്ങിയ പേഴ്‌സ് തട്ടിപ്പറിക്കുകയായിരുന്നു. മൂക്കിന് ഉള്‍പ്പെടെ സാരമായി പരിക്കേറ്റ ഉണ്ണിക്കൃഷ്‌ണന്‍ ഇപ്പോള്‍ ചികിത്സയിലാണ്. മറ്റ് പ്രതികളെയും ഉടന്‍ പിടികൂടാനാകുമെന്ന് പോലീസ് പറഞ്ഞു. കസബ പൊലീസ് എസ്.ഐ ജഗമോഹന്‍ ദത്തന്‍, സീനിയര്‍ സി.പി.ഒമാരായ സജേഷ് കുമാര്‍, ഷാലു, സി.പി.ഒ സുജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് യാസറിനെ പിടികൂടിയത്.