കേരളം

kerala

By ETV Bharat Kerala Team

Published : Mar 5, 2024, 8:21 AM IST

ETV Bharat / state

'കത്തോലിക്ക സഭയിൽ തനിക്കുളള സ്വീകാര്യത അനിൽ ആന്‍റണിക്ക് ഇല്ല'; സീറ്റ് നിഷേധിച്ചതിൽ അതൃപ്‌തി അറിയിച്ച് പിസി ജോർജ്‌

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിൽ പ്രതികരിച്ച് പിസി ജോർജ്.

pc george  anil antony  pathanamthitta bjp candidate  പിസി ജോർജ്‌  അനിൽ ആന്‍റണി
pc george

പിസി ജോർജ്‌ മാധ്യമങ്ങളോട്

കോട്ടയം: പത്തനംതിട്ടയിൽ സീറ്റ് നിഷേധിച്ചതിൽ അനില്‍ ആൻ്റണിയുടെ സാന്നിധ്യത്തിലും അതൃപ്‌തി പരസ്യമാക്കി പിസി ജോർജ്. പിസി ജോർജുമായി കൂടിക്കാഴ്‌ച നടത്താൻ പത്തനംതിട്ട എൻഡിഎ സ്ഥാനാർഥി അനിൽ ആന്‍റണി എത്തിയപ്പോഴാണ് തന്‍റെ അനിഷ്‌ടം പിസി ജോർജ് വ്യക്തമാക്കിയത്. കത്തോലിക്ക സഭയിൽ തനിക്കുള്ള സ്വീകാര്യത അനിൽ ആന്‍റണിക്ക് ഇല്ലെന്ന് തുറന്നടിച്ചായിരുന്നു പിസി ജോർജിന്‍റെ പ്രതികരണം.

ഇന്നലെ വൈകുന്നേരം ആണ് പൂഞ്ഞാറിലെ പിസി ജോർജിന്‍റെ വീട്ടിൽ അനിൽ ആന്‍റണി എത്തിയത്. പത്തനംതിട്ട സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു ജനപക്ഷം പാർട്ടി നേതാവ് കൂടിയായ പിസി ജോർജ്. എന്നാൽ പത്തനംതിട്ട നിയമസഭ മണ്ഡലത്തിലെ സീറ്റ് എൻഡിഎ അനിൽ ആന്‍റണിക്ക് നൽകിയതോടെയാണ് പിസി ജോർജ് ഇടഞ്ഞത്.

സീറ്റ് ലഭിക്കാത്തതിന് പിന്നാലെ ജോർജ് മാധ്യമങ്ങളിലൂടെ തന്‍റെ അമർഷം പരസ്യമാക്കിയിരുന്നു. ഇതിനിടയിലാണ് പിസി ജോർജിനെ സന്ദർശിക്കാനായി അനിൽ പൂഞ്ഞാറിൽ എത്തിയത്. മധുരം നൽകിയാണ് അനിലിനെ പിസി ജോർജും കുടുംബവും സ്വീകരിച്ചത്.

ഇരുവർക്കും ഇടയിൽ നടന്ന കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ പരിഹാസ രൂപേണയായിയിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. അനില്‍ ആന്‍റിയുടെ സാന്നിധ്യത്തിൽ ആയിരുന്നു പിസി ജോർജിന്‍റെ പരിഹാസം. സഭയിൽ തനിക്ക് ലഭിച്ചത് വ്യക്തി ബന്ധമാണെന്നും പിസി ജോർജ് പറഞ്ഞു.

പിസി ജോർജ് മിതത്വം പാലിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ കുറ്റപെടുത്തലിൽ എല്ലാവരും മിതത്വം പാലിക്കുന്നത് നല്ലതാണെന്നായിരുന്നു ജോർജിന്‍റെ പ്രതികരണം. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെയും പിസി ജോർജ് ഒളി അമ്പുകൾ എറിഞ്ഞു.

താൻ ചെറിയ മനുഷ്യനാണെന്നും തുഷാറിൻ്റെ തൂക്കം തനിക്കില്ലെന്നും ബിഡിജെഎസ് എൻഡിഎയുടെ ഘടകകക്ഷിയാണെന്നും ബിജെപി അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തന്നെ വിളിക്കാതെ തുഷാറിൻ്റെ പ്രചരണത്തിന് പോവാൻ സൗകര്യമില്ലന്ന് പിസി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി തന്നെ തീരുമാനിച്ചത് ബിജെപിയാണെന്ന് അനില്‍ ആന്‍റണി പ്രതികരിച്ചു. പത്തനംതിട്ടയിൽ യോഗ്യൻ താനാണെന്നും സഭയുടെ പിന്തുണ തനിക്ക് ഉണ്ടെന്നും അനിൽ പറഞ്ഞു. പത്തനംതിട്ടയിൽ തീർച്ചയായും താൻ ജയിക്കുമെന്നും അനിൽ ആന്‍റണി വ്യക്തമാക്കി. അതേസമയം പിസിയുടെ അനുഗ്രഹം നേടാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ABOUT THE AUTHOR

...view details