പത്തനംതിട്ട :പതിമൂന്നുകാരിയ്‌ക്ക് തന്‍റെ ചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു കൊടുക്കുകയും, കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ നിർബന്ധിച്ച് കൈവശപ്പെടുത്തുകയും ചെയ്‌ത യുവാവ് പിടിയില്‍. കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോൾ കർണാടക മംഗളൂരുവില്‍ എംഎസ്‌സി വിദ്യാർഥിയുമായ സ്റ്റെബിൻ ഷിബു (22) ആണ് കോയിപ്രം പൊലീസിന്‍റെ പിടിയിലായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2023 മേയിൽ പ്രതി പരിചയപ്പെടുകയും, തുടർന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്‌തു.
ഇൻസ്റ്റഗ്രാം, വാട്‌സ്‌ആപ്പ്, സ്‌നാപ്പ് ചാറ്റ് എന്നിവയിലൂടെ തുടർച്ചയായി ഇയാള്‍ പെണ്‍കുട്ടിയുമായി സംസാരിക്കുമായിരുന്നു. പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാം എന്ന് വാക്ക് കൊടുത്ത ശേഷം ഇയാൾ തന്‍റെ ഫോണിൽ നിന്നും കുട്ടി ഉപയോഗിക്കുന്ന അമ്മയുടെ പേരിലുള്ള ഫോണിലേക്ക് വാട്‌സ്‌ആപ്പ് വഴി പ്രതിയുടെ നഗ്‌ന ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തു.
പിന്നീട് 2024 സെപ്റ്റംബർ 28 വരെയുള്ള കാലയളവിൽ കുട്ടിയുടെ നഗ്‌ന ഫോട്ടോകൾ നിർബന്ധിപ്പിച്ച് ഇൻസ്റ്റഗ്രാം വഴി കൈക്കലാക്കുകയും ചെയ്‌തു. പലതവണ പല രീതികളിൽ കുട്ടിയെ നിർബന്ധിച്ചാണ് ഇയാൾ ഇവ കൈക്കലാക്കിയത്.
യുവാവിന്‍റെ നിരന്തരമായ നിർബന്ധത്തില്‍ കുട്ടി സമ്മര്‍ദത്തിലായിരുന്നു. പിന്നീട് വീട്ടുകാര്‍ തെരക്കിയപ്പോഴാണ് പെണ്‍കുട്ടി വിവരം പറഞ്ഞത്. അപ്പോഴേക്കും കുട്ടി തന്‍റെ ഫോണിൽ നിന്നും ഇത്തരം ഫോട്ടോകളും ദൃശ്യങ്ങളും ഒഴിവാക്കിയിരുന്നു. യുവാവിന്‍റെ ശല്യം സഹിക്കവയ്യാതെ വീട്ടുകാർ കോയിപ്രം പൊലീസിനെ സമീപിക്കുകയായിരുന്നു.