തിരുവനന്തപുരം :കേരളത്തെ ഒന്നാകെ നടുക്കിയ ഷാരോൺ വധക്കേസിൽ വിധി ഇന്ന്. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കാമുകിയായിരുന്ന ഗ്രീഷ്‌മ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്‌മയെ കൂടാതെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മല കുമാരനും ഗൂഢാലോചന കേസിൽ പ്രതികളാണ്. കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്‌ജി എംഎം ബഷീറാണ് വിധി പറയുക.
വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതിനുമുള്ള കുറ്റങ്ങളാണ് ഒന്നാം പ്രതിയായ ഗ്രീഷ്‌മയ്‌ക്കെതിരെ ചുമത്തിയിരുന്നത്. രണ്ടും മൂന്നും പ്രതികളായ അമ്മയ്‌ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
കേസിന്‍റെ നാൾവഴികൾ: 2022 ഒക്‌ടോബർ 14നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്‌മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്‌മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും അത് ഉറപ്പിക്കുകയും ചെയ്‌തു. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്‌മ ജ്യൂസ് ചലഞ്ച് നടത്തി. വിദഗ്‌ധമായി പാരസെറ്റാമോള്‍ കലർത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ചു. ദേഹാസ്വസ്ഥ്യമുണ്ടായെങ്കിലും പക്ഷേ ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് വീട്ടിലേക്ക് വിളിച്ച് വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്.
തുടർന്ന് ദേഹാസ്വസ്ഥ്യമുണ്ടായ ഷാരോണിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 11 ദിവസം ചികിത്സയിലായിരുന്ന ശേഷമാണ് ആന്തരികാവയവങ്ങൾ തകർന്ന് ഷാരോണ്‍ മരിച്ചത്. അതേസമയം മജിസ്‍ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്‌മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ സുഹൃത്തിനോടും അച്‌ഛനോടും ഗ്രീഷ്‌മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഷാരോണിന്‍റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്‌ടർ കൈമാറിയ ശാസത്രീയ തെളിവുകളാണ് കേസിൽ നിർണായകമായത്. ശേഷം പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തപ്പോള്‍ ഗ്രീഷ്‌മ കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിനാണ് ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെയും നിർമ്മല കുമാരൻ നായരെയും കേസിൽ പ്രതി ചേർത്തത്.
കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട കേസിൽ പൊലീസ് കസ്‌റ്റഡിയിലിരിക്കെ ഗ്രീഷ്‌മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് ഒരു വർഷം ജയിലിൽ കിടന്ന ശേഷമായിരുന്നു ഗ്രീഷ്‌മ ജാമ്യത്തിൽ ഇറങ്ങിയത്. 2023 ജനുവരി 25നാണ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കേരളത്തിൽ വിചാരണ നടത്താൻ കഴിയില്ലെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് കുറ്റപത്രം നൽകിയത്. 2024 ഒക്‌ടോബർ 15ന് തുടങ്ങിയ വിചാരണ 2025 ജനുവരി മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസിൽ കോടതി വിസ്‌തരിച്ചത്.
ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്‌മ 22-ാം വയസിലാണ് കൃത്യം നടത്തിയത്. ഗ്രീഷ്‌മയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വിഷത്തിന്‍റെ പ്രവര്‍ത്തനരീതി കൊലപാതകം നടത്തിയ ദിവസം രാവിലെ ഗ്രീഷ്‌മ ഇന്‍റര്‍നെറ്റില്‍ തെരഞ്ഞിരുന്നു. ഇതാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
പാരാക്വാറ്റ് എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തനരീതിയും വിഷം അകത്ത് ചെന്നാല്‍ ഒരാള്‍ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് ഗ്രീഷ്‌മ ഇന്‍റർനെറ്റിൽ തെരഞ്ഞത്. ഇത് ഗ്രീഷ്‌മയുടെ ഫോണില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
Also Read:പെരിയ ഇരട്ടക്കൊലക്കേസ്; സ്‌മൃതി മണ്ഡപത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കുടുംബം, വിധിയിൽ തൃപ്‌തരല്ലെന്ന് പ്രതികരണം