ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന മാനനഷ്‌ട കേസിൽ കർണാടക ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. സംസ്ഥാനത്തെ ദിനപത്രങ്ങളുടെ ഒന്നാം പേജിൽ ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നതാണ് കേസ്.
ബിജെപി നൽകിയ മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല വിധി. കേസ് വാദം കേള്‍ക്കുന്നതിനായി ഫെബ്രുവരി 20ലേക്ക് മാറ്റി. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കേസ് വാദം കേള്‍ക്കുന്നതിനായി മാറ്റിയത്.
പരസ്യം ബിജെപി തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ ശശികരൻ ഷെട്ടി കോടതിയിൽ വാദിച്ചത്. അതിനാൽ മാനനഷ്‌ടക്കേസ് റദ്ദാക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസ് പരിഗണിച്ച ബെഞ്ച്, രാഹുൽ ഗാന്ധിക്കെതിരായ ജുഡീഷ്യൽ നടപടികൾക്ക് ഇടക്കാല സ്റ്റേ അനുവദിക്കുകയായിരുന്നു.
കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ, സിദ്ധാരാമയ്യ, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ ഐപിസി 499, 500 വകുപ്പുകൾ പ്രകാരം 2023 ജൂണിൽ പ്രത്യേക മജിസ്ട്രേറ്റ് കോടതി കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. കേസിൽ രാഹുൽ ഗാന്ധി, സിദ്ധാരാമയ്യ, ഡികെ ശിവകുമാർ എന്നിവർക്ക് കോടതി ജാമ്യം നൽകിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈക്കൂലി ആരോപണം ഉന്നയിച്ചു എന്നാണ് ബിജെപി മാനനഷ്‌ടക്കേസിൽ പ്രതിപാദിച്ചത്. രജിസ്ട്രാർ തസ്‌തികയിലേക്ക് 50 ലക്ഷം മുതൽ 5 കോടി വരെ, ബെസ്‌കോം തസ്‌തികയിലേക്ക് 1 കോടി, പിഎസ് തസ്‌തികയിലേക്ക് 80 ലക്ഷം, അസിസ്‌റ്റൻ്റ് പ്രൊഫസർ തസ്‌തികയിലേക്ക് 50-70 ലക്ഷം, പ്രൊഫസർ തസ്‌തികയിലേക്ക് 30-50 ലക്ഷം, ഒന്നാം ഗ്രേഡ് അസിസ്‌റ്റൻ്റ് തസ്‌തികയിലേക്ക് 30 ലക്ഷം എന്നിങ്ങനെയും കൈക്കൂലി വാങ്ങിയതായായിരുന്നു ആരോപണം.
ജൂനിയർ എഞ്ചിനീയർ, പബ്ലിക് വർക്ക് ജൂനിയർ എഞ്ചിനീയർ, കോൺസ്‌റ്റബിൾ എന്നീ തസ്‌തികയിലേക്കും കൈക്കൂലി വാങ്ങിയതായി ആരോപണമുയർന്നിരുന്നു. കൂടാതെ കൊവിഡുമായി ബന്ധപ്പെട്ട് പിപിഇ കിറ്റടക്കമുള്ള വസ്‌തുക്കള്‍ വാങ്ങിയതിലും വിതരണം ചെയ്‌തതിലും 70% കമ്മിഷൻ വാങ്ങി എന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരെയാണ് ബിജെപി കോടതിയിൽ മാനനഷ്‌ട കേസ് നൽകിയത്.