പെരുവയലിലെ പനം പൊടി നിർമ്മാണം (ETV Bharat) കോഴിക്കോട് : അന്നമില്ലാത്ത കാലത്ത് പാവങ്ങളുടെ അന്നമായിരുന്നു പനമ്പൊടി. നാടിന്‍റെ വിശപ്പടക്കുന്നതിൽ പ്രധാനി. പനമുറിച്ച് കഷ്ണങ്ങളാക്കി അതിൽ നിന്നും പൊടിയുണ്ടാക്കി ആ പൊടി ഉപയോഗിച്ച് വ്യത്യസ്‌തമായ വിഭവങ്ങൾ ഒരുക്കിയാണ് ഒരു കാലത്തെ ഗ്രാമീണ ജനത വിശപ്പടക്കിയിരുന്നത്.
ഇന്ന് അതൊക്കെ പഴങ്കഥയായെങ്കിലും പെരുവയലിൽ പനമ്പൊടി ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുന്ന ഒരാളുണ്ട്. മനക്കൽ പുതിയോട്ടിൽ മുരളീധരൻ. കിണർ നിർമ്മാണ തൊഴിലാളിയായിരുന്നു ഇതുവരെ. ആരോഗ്യ പ്രശ്‌നങ്ങൾ കിണർ നിർമ്മാണ ജോലിയിൽ നിന്നും പിന്തിരിയാൻ പ്രേരിപ്പിച്ചു. വരുമാനം നിലച്ചതോടെ ചെറുപ്പത്തിൽ വിശപ്പടക്കാൻ ഉപയോഗിച്ചിരുന്ന പനമ്പൊടി നിർമ്മാണത്തിലേക്ക് തിരിഞ്ഞു.
ഇന്ന് നിരവധി പേരാണ് ഓരോ ദിവസവും പെരുവയലിലെ റോഡരികിൽ മുരളീധരന്‍റെ പനമ്പൊടി വാങ്ങിക്കാൻ എത്തുന്നത്. ആവശ്യക്കാരുടെ ഇഷ്‌ടാനുസരണം പൊടിയാക്കിയും കഷ്‌ണങ്ങളാക്കിയും വിതരണം ചെയ്യുന്നുണ്ട്. ആരോഗ്യകരമായ പനമ്പൊടി പുതിയ തലമുറയും വാങ്ങുന്നുണ്ട്.
ഏറെ രുചികരമായ പനം കഞ്ഞിയും പനംകുറുക്കും പായസവും എല്ലാം ഉണ്ടാക്കാം എന്നതാണ് പ്രത്യേകത. രാവിലെ മുതൽ രാത്രി വരെ പെരുവയൽ അങ്ങാടിയിൽ പനമ്പൊടി വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. പഴമുറക്കാർക്ക് ഗൃഹാതുരമായ ഓർമ്മപ്പെടുത്തലും പുതുതലമുറയ്ക്ക് കൗതുകവുമാണ് ആണ്മനക്കൽ പുതിയോട്ടിൽ മുരളീധരന്‍റെ പനമ്പൊടി നിർമ്മാണവും വിൽപ്പനയും. പനമ്പൊടി ആവശ്യമുള്ളവർക്ക് മുരളീധരനെ 9645826911 -എന്ന നമ്പറില്‍ ബന്ധപ്പെടാം.
Also Read : പെരുവയലില്‍ പനമ്പൊടി നിർമാണം തകൃതി; പഴമയുടെ രുചിക്കൂട്ട് തിരികെ എത്തിച്ച് മുരളീധരൻ - PALM POWDER MAKING IN PERUVAYAL