കാസർകോട്: സാധാരണ നമ്മുടെ നാട്ടിൽപുറങ്ങളിൽ കണ്ടുവരുന്ന വൃക്ഷമാണ് പന. ആനപ്പന, ഈറമ്പന, ചൂണ്ടപ്പന എന്നീ പേരുകളിലും അറിയപ്പെടുന്ന പനകളിൽ വളരെ മനേഹരമായി കുലച്ചുനിൽക്കുന്ന പനങ്കുരുക്കൾ (പനയുടെ കായ) നമ്മൾ പലരും കണ്ടിട്ടുണ്ടാകും. പലരും സ്‌ത്രീകളുടെ തലമുടിയുമായി പനങ്കുലയെ വർണിക്കാറുണ്ട്. എന്നാൽ ആ പനങ്കുരുവിന്‍റെ മൂല്യം പലർക്കും അറിയില്ല. വീണുകിടക്കുന്ന പനങ്കുരു ശേഖരിച്ചാൽ കൈ നിറയെ പണം ലഭിക്കുമെന്ന കാര്യം പലരും ഇനിയും അറിഞ്ഞുകാണില്ല.
വീണു കിടന്നാലും പനങ്കുരു ആരും ശേഖരിക്കാറില്ല. എന്നാൽ ആർക്കും വേണ്ടാതിരുന്ന പനങ്കുരുവിനും വിപണിയായതോടെയാണ് ആളുകൾ ശേഖരിക്കാൻ തുടങ്ങിയത്. ഒരു കിലോ ഒന്നാതരം പനങ്കുരുവിന് 60 മുതൽ 80 രൂപവരെ വിലകിട്ടുണ്ടെന്നും രണ്ടാംതരത്തിന് 30 രൂപവരെയും ലഭിക്കുന്നുണ്ടെന്നും വിൽപന നടത്തുന്നവർ പറയുന്നു. നല്ല ഒരു കുലയിൽ നിന്ന് 5000 രൂപവരെ ഉണ്ടാക്കിയവരുമുണ്ട്.
നല്ല വില കിട്ടാൻ തുടങ്ങിയതോടെ പന തേടി നടക്കുന്നവരെയും ഇപ്പോൾ കാണാം. ഇതര സംസ്ഥാന തൊഴിലാളികളും പന തേടി നാട്ടിൻ പുറങ്ങളിൽ എത്തുന്നുണ്ട്. രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ഇത് കയറ്റി കൊണ്ടുപോകുന്നത്. വീടുകളിലെത്തി ശേഖരിക്കുന്നതിനും പ്രത്യേക ഏജൻസികൾ ഉണ്ട്. ശേഖരിക്കുന്ന പനങ്കുരു (കാരിയോട്ട യൂറെൻസ്) സംസ്ഥാനത്തെല്ലായിടത്തും വളരുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മരപ്പട്ടി, വെരുക് തുടങ്ങിയ ജീവികളുടെ ഇഷ്‌ടഭക്ഷണമാണ് പനങ്കുരു. പനയോല നാട്ടാനകളുടെ പ്രധാന തീറ്റയുമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് പനങ്കുരു മൂത്ത് പാകമാകുന്നത്. ആറ് മണിക്കൂറോളം വെയിലിൽ ഉണക്കിയശേഷം ഫാനുപയോഗിച്ച് കാറ്റടിപ്പിച്ച് തൊലി നീക്കം ചെയ്തെടുക്കുന്നതാണ് ഒന്നാം തരം കുരു. പനഞ്ചുവട്ടിൽനിന്ന് ശേഖരിക്കുന്നവ രണ്ടാം തരവും. വടക്കേ ഇന്ത്യൻ കമ്പനികളെ ആശ്രയിച്ചാണ് പനങ്കുരുവിന്‍റെ വിലയും വിപണിയുമെന്ന് കാസർകോട്ടെ ഏജന്‍റ് ആയ കരീം പറഞ്ഞു.
സീസണിൽ ഒരാഴ്‌ച 20 ടണ്ണിലധികം പനങ്കുരു സംസ്ഥാനത്തുനിന്ന് കയറ്റിപ്പോകുന്നുന്നുണ്ട്. ശരാശരി 60 രൂപ വില കണക്കാക്കിയാൽ പോലും ഒരു കുലയിൽനിന്ന് 6000 രൂപവരെ കർഷകന് ലഭിക്കും. കേരളത്തിൽ നിരോധിച്ചിട്ടുള്ള പുകയില ഉൽപന്നങ്ങളായ പാൻമസാലയിലും ഗുഡ്‌കയിലുമൊക്കെ ചേർക്കാനാണ് പനങ്കുരു ഉപയോഗിക്കുന്നത്. വിവിധ മരുന്നുകളുടെ നിർമാണത്തിനും ഇവ ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നു. കൂടാതെ പെയിന്‍റ്, പശ നിർമാണത്തിനും ഉപയോഗിക്കുണ്ടത്രേ. ഭക്ഷ്യോത്പന്നങ്ങൾക്ക് ഉറപ്പും സ്ഥിരതയും നൽകുന്നതിനായും ചേർക്കാറുണ്ട്.