തിരുവനന്തപുരം : മതമൈത്രിയുടെ പ്രൗഢമായ പാരമ്പര്യമാണ് തലസ്ഥാന നഗര ഹൃദയത്തിലെ പാളയം സെന്‍റ് ജോസഫ് കത്തീഡ്രല്‍ പള്ളി. പാളയത്തെ മുസ്‌ലിം പള്ളിയുമായും ഗണപതി ക്ഷേത്രവുമായും നൂറ്റാണ്ടുകളായി അതിര്‍ത്തി പങ്കിട്ടു കൊണ്ട് മത സൗഹാര്‍ദത്തിന്‍റെ സന്ദേശം പകരുന്ന പാളയം പള്ളി ഇത്തവണ ആറ്റുകാല്‍ പൊങ്കാലയേയും വരവേൽകാനൊരുങ്ങുകയാണ്.
ആറ്റുകാല്‍ പൊങ്കാല നടക്കുന്ന ഞായറാഴ്‌ചയിലെ പ്രധാന ആരാധന സമയത്തില്‍ മാറ്റം വരുത്തി കൊണ്ടാണ് പാളയം സെന്‍റ് ജോസഫ് കത്തീഡ്രല്‍ പൊങ്കാലയിടാനെത്തുന്ന ഭക്തര്‍ക്ക് ആദരമൊരുക്കുന്നത്. പൊങ്കാലയര്‍പ്പിക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്ക് സംഭാരവും കുടിവെള്ളവും ശുചിമുറി ഉള്‍പ്പെടെ വിശ്രമിക്കാനുള്ള സൗകര്യവും പള്ളിയിലൊരുക്കുമെന്ന് പാളയം സെന്‍റ് ജോസഫ് കത്തീഡ്രല്‍ പള്ളി വികാരി ഫാ. വില്‍ഫ്രഡ് എമിലിയാസ് ഇടിവി ഭാരതിനോട് പറഞ്ഞു.
സാംസ്‌കാരിക മത മൈത്രിയുടെ സമ്പന്നതയാണ് ഈ നഗരത്തിന്‍റെ പ്രത്യേകതയെന്നും ഭിന്നിപ്പിക്കാനുള്ള ശക്തികള്‍ക്ക് നാം അത് വിട്ടുകൊടുക്കാന്‍ പാടില്ലെന്നും ഫാ.വില്‍ഫ്രഡ് അഭിപ്രായപ്പെടുന്നു. ഇന്നത്തെ കാലത്തിന്‍റെ വലിയൊരു ആവശ്യമാണിതെന്നും അദ്ദേഹം പറയുന്നു. സമാനമായി പാളയത്തെ മറ്റ് ക്രിസ്ത്യന്‍ ദേവാലയങ്ങളിലും പ്രാര്‍ഥന സമയത്തില്‍ മാറ്റം കൊണ്ടു വന്നിട്ടുണ്ട്.