പാലക്കാട്:ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്‌ഡുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ട് സിപിഎം. പാലക്കാട് കെടിഎം ഹോട്ടലിലെ ഇന്നലത്തെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഹോട്ടലിൽ കള്ളപ്പണം എത്തിച്ചുവെന്ന ആരോപണത്തിന് തെളിവുകൾ ശക്തിപ്പെടുത്താനാണ് സിപിഎമ്മിന്‍റെ ശ്രമം.
ചൊവ്വാഴ്‌ച രാത്രി 10.11 മുതൽ 11.30 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. റിസപ്ഷൻ ഹാളിലേയും കോറിഡോറിലേയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പുറമെ ഷാഫി പറമ്പിൽ എംപി, വികെ.ശ്രീകണ്‌ഠൻ എംപി, ജ്യോതികുമാർ ചാമക്കാല, എന്നിവരെയും ദൃശ്യങ്ങളിൽ കാണാം.
CCTV Visuals From Palakkad Hotels (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
10.39നാണ് രാഹുൽ അവിടെ എത്തുന്നത്. അതിന് പിന്നാലെ ഫെനി നൈനാനെയും കാണാം. പുറത്തുപോയി തിരിച്ചു വരുന്ന ഫെനിയുടെ കൈവശം ഒരു നീല ട്രോളി ബാഗ് കാണാം. 11 മണിയോടെ രാഹുൽ ഹോട്ടലിൽ നിന്ന് പോകുന്നു. അര മണിക്കൂറിന് ശേഷമാണ് മറ്റ് നേതാക്കൾ മടങ്ങുന്നത്.
അതേസമയം പെട്ടിയിൽ വസ്ത്രങ്ങളായിരുന്നെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ആവർത്തിച്ചു. സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം നടക്കട്ടെ, പൊലീസിന്‍റെ കൈവശമുള്ള ദൃശ്യങ്ങള്‍ എങ്ങനെ സിപിഎമ്മിന് കിട്ടിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. തന്‍റെ ബാഗിൽ പണമുണ്ടായിരുന്നുവെന്ന് തെളിയിച്ചാൽ തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിലും പ്രഖ്യാപിച്ചു.
Also Read:'പാലക്കാട്ടെ പാതിരാ റെയ്‌ഡ് സിപിഎം-ബിജെപി നാടകം, പരാജയഭീതി മൂലം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു'; പികെ കുഞ്ഞാലിക്കുട്ടി