തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഉരുളി കാണാതായ സംഭവത്തില്‍ പിടിയിലായവര്‍ക്കെതിരെ മോഷണക്കുറ്റം ചുമത്തില്ലെന്ന് ഫോര്‍ട്ട് അസിസ്റ്റൻ്റ് കമ്മിഷണര്‍. ഓസ്‌ട്രേലിയന്‍ സ്വദേശി ഗണേഷ് ഝാ, ഭാര്യ, ഭാര്യയുടെ സുഹൃത്ത് എന്നിവരെയായിരുന്നു പൊലീസ് ഹരിയാനയില്‍ നിന്നും ഇന്നലെ നാട്ടിലെത്തിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സംഭവം മോഷണമല്ലെന്നും നിവേദ്യത്തിനായി ഉപയോഗിക്കുന്ന തളിപ്പാത്രം അബദ്ധത്തില്‍ ഇയാളുടെ കൈവശം വന്നതാണെന്നുമാണ് പൊലീസ് അന്വേഷണത്തിന് ശേഷമുള്ള വിശദീകരണം. മൂവര്‍ക്കെതിരെയും തൻ്റേതല്ലാത്ത സാധനം ബോധപൂര്‍വം കൈവശം വച്ചുവെന്നാണ് കേസ്. ഓസ്‌ട്രേലിയന്‍ പൗരൻ്റെ പാസ്‌പോര്‍ട്ട് ഭാഗികമായി മരവിപ്പിച്ചെന്നും പൊലീസ് അറിയിച്ചു. പ്രതികളോട് തത്കാലം തലസ്ഥാനത്ത് തുടരാനും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് വിശദീകരണം ഇങ്ങനെ:
ഓസ്‌ട്രേലിയന്‍ പൗരനായ ഗണേഷ് ഝാ ശ്രീ കോവിലിന് സമീപം തട്ടവുമായി പോകുന്നതിനിടെ തളര്‍ച്ച അനുഭവപ്പെടുകയും കൈയിലെ തട്ടവും പൂജാ സാധനങ്ങളും താഴെ വീഴുകയും ചെയ്‌തു. ഇയാള്‍ പ്രമേഹ രോഗി കൂടിയാണ്. അടുത്ത് നിന്ന ഒരാള്‍ ഇത് കാണുകയും തീര്‍ഥം സൂക്ഷിച്ചിരുന്ന ക്ഷേത്രത്തിലെ തളിപാത്രമെടുത്ത് സാധനങ്ങള്‍ വച്ചു തിരികെ നൽകുകയും ചെയ്‌തു.
ക്ഷേത്ര ദര്‍ശനത്തിന് തൊട്ട് മുന്‍പായിരുന്നു ഇയാള്‍ തട്ടം വാങ്ങിയത്. അത് കൊണ്ട് വെപ്രാളത്തിനിടെ പാത്രം മാറിയത് അറിഞ്ഞില്ല. ക്ഷേത്ര ജീവനക്കാരില്‍ നിന്നും തളിപ്പാത്രം ഇയാള്‍ക്ക് എടുത്തു നൽകിയത് ആരാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് കമ്മിഷണര്‍ എ സ്‌പര്‍ജന്‍ കുമാറിൻ്റെ ഓഫിസ് അറിയിച്ചു. വിഗ്രഹത്തില്‍ വെള്ളം തളിക്കാന്‍ ഉപയോഗിക്കുന്ന ഉരുളിയെയാണ് തളിപ്പാത്രമെന്ന് വിളിക്കുന്നത്.
Also Read:പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സത്ക്കാരം; നടപടിയെടുക്കണമെന്ന് ഹൈക്കോടതി
പുരാവസ്‌തുവാണെങ്കിലും കാണാന്‍ സാധാരണ ഉരുളി പോലെയായതിനാല്‍ ദര്‍ശനത്തിന് എത്തിയ ആളുകളില്‍ ആരെങ്കിലുമാകാം പാത്രമെടുത്തു നൽകിയതെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ ഫോര്‍ട്ട് എസ്എച്ച്ഒ വിആര്‍ ശിവകുമാറിന് നൽകിയ മൊഴി. ഒക്‌ടോബര്‍ 13നായിരുന്നു പാത്രം ഗണേഷ് ഝായുടെ കൈവശമെത്തുന്നതെങ്കിലും പാത്രങ്ങളുടെ കണക്കെടുപ്പ് 15ന് നടത്തിയപ്പോഴാണ് തളിപ്പാത്രം കാണാതായത് ശ്രദ്ധയില്‍പ്പെടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ക്ഷേത്രത്തിലെ നരസിംഹ പ്രതിമയ്ക്കരികിലെ സിസിടിവിയില്‍ നിന്ന് ഗണേഷ് പാത്രവുമായി പോകുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഫോര്‍ട്ട് പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഹരിയാന പൊലീസായിരുന്നു ഗണേഷിനെയും കുടുംബത്തെയും കസ്റ്റഡിയിലെടുക്കുന്നത്. ഫോര്‍ട്ട് എസ്എച്ച്ഒ അടങ്ങിയ സംഘം ഹരിയാനയിലെത്തി ഇന്നലെ ഉച്ചയോടെ ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു.
പിന്നാലെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്‌ത ശേഷമാണ് മോഷണം നടന്നിട്ടില്ലെന്ന നിഗമനത്തിലേക്ക് പൊലീസെത്തുന്നത്. സംഭവത്തില്‍ ഏതായാലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തിൽ വിട്ടയച്ചു.