കൊച്ചി: കോണ്‍ഗ്രസ് നേതാവ് പത്മജാ വേണുഗോപാല്‍ ബിജെപിയിലേക്ക്. നാളെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും(Padmaja Venugopal). കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ഒരിക്കലും മായാത്ത മുഖങ്ങളിലൊന്നായ ലീഡര്‍ കെ കരുണാകരന്‍റെ മകളും കെ മുരളീധരന്‍ എംപിയുടെ സഹോദരിയുമാണ് പത്മജാ വേണുഗോപാല്‍.അത്തരം ഒരു നീക്കം ഇല്ലെന്ന് ആദ്യം പത്മജ പ്രതികരിച്ചിരുന്നു. എന്നാൽ ഏതാനും ദിവസങ്ങളായി ഡൽഹിയിലുള്ള പത്മജ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച ബിജെപി ആസ്ഥാനത്ത് വെച്ച് അവർ ഔപചാരികമായി പാർട്ടി അംഗത്വം സ്വീകരിക്കും. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ പത്മജയ്ക്ക് കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിത്വം നൽകുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
നേരത്തെ കെടിഡിസി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു. പാര്‍ട്ടിയില്‍ നിലവില്‍ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ്. കോണ്‍ഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ തുടരുന്ന അവഗനയാണ് പത്മജയുടെ മനം മാറ്റത്തിന് പിന്നിലെന്നാണ് സൂചന. തെരഞ്ഞെടുപ്പിലും പാര്‍ട്ടി പരിഗണിക്കാത്തത് അവരില്‍ അസംതൃപ്‌തി ഉണ്ടാക്കിയിരുന്നു. ഇതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കേരളത്തിൽ നിന്ന് ഒഴവു വരുന്ന രാജ്യസഭാ സീറ്റ് തനിക്ക് അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പത്മജയെന്നാണ് അവരോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ലീഗുമായുള്ള ധാരണ പ്രകാരം രാജ്യസഭാ സീറ്റ് കോൺഗ്രസ് നേതൃത്വം അവർക്ക് വാഗ്ദാനം ചെയ്തതോടെ പത്മജ വഞ്ചിക്കപ്പെട്ടെന്ന തോന്നലിലായെന്നാണ് സൂചന.
പത്മജ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ അത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാകുമെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസുമായി രൂക്ഷമായ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായി പത്മജ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2000ല്‍ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്കും തൃശൂരില്‍ നിന്ന് 2021ല്‍ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.