തൃശൂര്‍: അനിൽ ആന്‍റണി പരാജയപ്പെടണമെന്ന എ കെ ആന്‍റണിയുടെ പ്രതികരണത്തിൽ അഭിപ്രായവുമായി പത്മജ വേണുഗോപാൽ. ഒരച്‌ഛനും മകൻ തോൽക്കണം എന്ന് ആഗ്രഹിക്കില്ലെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. മക്കൾ ഏതു പാർട്ടിയിൽ ആയാലും അങ്ങനെ ചിന്തിക്കുമെന്ന് കരുതുന്നില്ലെന്നും പത്മജ തൃശൂരിൽ പറഞ്ഞു. കെ മുരളീധരനെ പിന്നിൽ നിന്നും കുത്താനുള്ള ശ്രമം കോൺഗ്രസിനുള്ളിൽ ഉണ്ടെന്നും തനിക്ക് അത് നന്നായി അറിയാമെന്നും പത്മജ കൂട്ടിച്ചേർത്തു.
മകന്‍ തോല്‍ക്കണമെന്ന് ആന്‍റണി: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും തന്‍റെ മകനുമായ അനില്‍ ആന്‍റണി തോല്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി നേരത്തെ പറഞ്ഞിരുന്നു. അവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആന്‍റോ ആന്‍റണി ജയിക്കണം. താന്‍ പ്രചാരണത്തിനിറങ്ങാതെ തന്നെ ആന്‍റോ ആന്‍റണി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും എകെ ആന്‍റണി പറഞ്ഞു.