ഇടുക്കി :കെഎസ്ആർടിസിയിൽ വീണ്ടും ചെക്കിങ് നടത്തി പടയപ്പ. മൂന്നാർ ദേവികുളം ടോൾ പ്ലാസയ്ക്ക് സമീപമാണ് ആന ഇറങ്ങിയത്. വനം വകുപ്പിന്‍റെ നിരീക്ഷണം തുടരുന്നതിനിടെയാണ് പടയപ്പയുടെ വാഹന പരിശോധന. കഴിഞ്ഞ രാത്രി ടോൾ പ്ലാസയ്ക്ക് സമീപം ഇറങ്ങിയ ആന പുലർച്ചെ വരെ മേഖലയിൽ തുടർന്നു. ദേശീയ പാതയിലൂടെ കടന്ന് പോയ നിരവധി വാഹനങ്ങൾ തടഞ്ഞു.
കഴിഞ്ഞ ദിവസം സ്പെഷ്യൽ ടീമിന്‍റെ നേതൃത്വത്തിൽ വനം വകുപ്പ് പടയപ്പയെ നിരീക്ഷിക്കാൻ ആരംഭിച്ചിരുന്നു. ഉൾവനത്തോട് ചേർന്നുള്ള പ്രദേശത്ത് എത്തിയാൽ കാട്ടിലേക്ക് തുരത്തുമെന്നും ജനവാസ മേഖലയിൽ ഇറങ്ങാതെ ശ്രദ്ധിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. ഇതിനിടെയാണ് പടയപ്പ വീണ്ടും ദേശീയ പാതയിൽ ഇറങ്ങിയത്.
ALSO READ:കാട്ടുകൊമ്പനെ തുരത്താന്‍ വനം വകുപ്പ് ; സ്വാഗതം ചെയ്‌ത് 'പടയപ്പ' പ്രേമികൾ
അതേസമയം വിനോദസഞ്ചാരികള്‍ എത്തുന്ന മൂന്നാര്‍ മാട്ടുപ്പെട്ടി ബോട്ടിങ് സെന്‍ററിന് സമീപം കാട്ടുകൊമ്പന്‍ പടയപ്പ ഇറങ്ങുകയും വഴിയോരത്തുണ്ടായിരുന്ന പെട്ടിക്കടകള്‍ക്ക് നാശം വരുത്തുകയും അര മണിക്കൂറോളം ഗതാഗത തടസം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. മാർച്ച് 17ന് രാവിലെ ആറരയോടെയായിരുന്നു കാട്ടാന ജനവാസ മേഖലയില്‍ ഇറങ്ങിയത് (Padayappa Again In Munnar).
കഴിഞ്ഞ ദിവസങ്ങളില്‍ കന്നിമല ഭാഗത്തായിരുന്നു പടയപ്പ നിലയുറപ്പിച്ചിരുന്നത്. പിന്നീടാണ് മാട്ടുപ്പെട്ടി ബോട്ടിങ് സെന്‍ററിന് സമീപത്തേക്കെത്തിയത്. ധാരാളമായി വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണ് മാട്ടുപ്പെട്ടി ബോട്ടിങ് സെന്‍റര്‍. നാളുകള്‍ക്ക് മുൻപ് വിനോദ സഞ്ചാര കേന്ദ്രമായ എക്കോ പോയിന്‍റില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ കടകള്‍ക്ക് നാശം വരുത്തുകയും ഗതാഗത തടസം തീര്‍ക്കുകയും ചെയ്‌തിരുന്നു.